സംസ്ഥാനത്ത് ഓട്ടോ‐ടാക്സി, ലൈറ്റ് മോട്ടോർ വാഹനത്തൊഴിലാളികൾ ബുധനാഴ്ചമുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതാക്കൾ മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, പി തിലോത്തമൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പിലാണ് സമരം മാറ്റിയത്.
ആഗസ്ത് 20നുമുമ്പ് ട്രേഡ് യുണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി പുതിയ നിരക്ക് നിശ്ചയിക്കും. ടാക്സി വാഹനങ്ങൾക്ക് 15 വർഷത്തേക്കുള്ള മുൻകൂർ നികുതി ഈടാക്കുന്ന നടപടിയിൽ ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. 2014ൽ യുഡിഎഫ് സർക്കാരാണ് മുൻകൂർ നികുതി ഏർപ്പെടുത്തിയത്. ചെറുകിട വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റ് നടത്താൻ വൈകിയാൽ മാസം നൽകേണ്ട 1500 രൂപ പിഴ കുറയ്ക്കുന്നത് പരിഗണിക്കാമെന്ന് ഉറപ്പ് നൽകി. ഓട്ടോറിക്ഷകൾ ഫെയർമീറ്റർ മുദ്രവയ്ക്കാൻ വൈകിയാൽ നിലവിൽ 2000 രൂപ പിഴ അടയ്ക്കണം. കേന്ദ്ര നിയമപ്രകാരമാണ് ഇപ്രകാരം പിഴ ഈടാക്കുന്നത്.ഇത് കുറയ്ക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്രശ്രദ്ധയിൽപ്പെടുത്താമെന്ന് മന്ത്രി പി തിലോത്തമൻ ഉറപ്പ് നൽകി. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, കെടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസിഎന്നീ സംഘടനാ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു.

tponed/734830













