പൊരുതി ജപ്പാൻ, നേടി ബൽജിയം


റോസ്തോവ് അരീനയിൽ ജപ്പാന് വീരചരമം. യൂറോപ്യൻ വമ്പൻമാരായ ബൽജിയത്തിനോട് ആവേശകരമായ പോരിനൊടുവിൽ ജപ്പാൻ വീണു (3‐2). രണ്ട്ഗോളിന് പിന്നിട്ടുനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ബൽജിയം ക്വാർട്ടറിലേക്ക് മുന്നേറി. വിജയഗോൾ അവസാന വിസിലിന് സെക്കൻഡുകൾ ബാക്കിയിരിക്കെയായിരുന്നു.


അഞ്ച് ഗോളും രണ്ടാം പകുതിയിൽ ആയിരുന്നു. ലോകകപ്പിലെ ഏറ്റവും ആവേശകരമായ അധ്യായം എഴുതിച്ചേർത്താണ് ജപ്പാന്റെ മടക്കം. രണ്ട് ഗോളിന് പിന്നിട്ടനിന്ന ശേഷവും ഉശിരോടെ പൊരുതിയ ബൽജിയം പ്രതീക്ഷ കാത്തു. ബൽജിയത്തിനുവേണ്ടി യാൻ വെർട്ടോൻഗൻ, മൗറെൻ ഫെല്ലെയ്നി, നാസിർ ചാഡ്ലി എന്നിവർ ഗോളടിച്ചു. ജപ്പാന്റെ ഗോളുകൾ ജെങ്കി ഹരാഗുച്ചിയും തകാഷി ഇനുയിയും ലക്ഷ്യംകണ്ടു.


വലിയ ആവേശങ്ങളില്ലാതെയാണ് ബൽജിയവും ജപ്പാനും ആരംഭിച്ചത്. ആദ്യ 15 മിനിറ്റുകളിൽ ജപ്പാൻ ആക്രമണത്തിന് മുതിർന്നു. ക്രമേണ ബൽജിയം കരുത്തുകാട്ടിത്തുടങ്ങി. ക്യാപ്റ്റൻ ഏദെൻ ഹസാർഡിൽനിന്ന് അവരുടെ ആക്രമണ നീക്കങ്ങൾ ആരംഭിച്ചു. ജപ്പാന്റെ രണ്ട് ഡിഫൻസീവ് മിഡ്ഫീൽഡർമാർക്കും നാല് പ്രതിരോധക്കാർക്കുമിടയിലൂടെ ഹസാർഡും ഡ്രെയ്സ് മെർട്ടെൻസും വിടവുകൾ കണ്ടെത്തി. ബൽജിയം പന്ത് നിയന്ത്രണത്തിൽ ആസ്വദിക്കാൻ തുടങ്ങി. ജപ്പാൻ പ്രതിരോധത്തിലേക്ക് പൂർണമായും പിൻവാങ്ങി. ബൽജിയം സമ്മർദ്ദത്തിലാക്കികൊണ്ടിരുന്നു. ബൽജിയത്തിന് മികച്ച അവസരംകിട്ടി. മെർട്ടെൻസിന്റെ ക്രോസ് നേരെ ഗോൾമുഖത്ത്. റൊമേലു ലുക്കാക്കു ബോക്സിനുള്ളിൽ. പന്ത് കാലിൽ കാലിൽ കിട്ടി. പക്ഷേ, അടിക്കാനുള്ള അവസരംകിട്ടിയില്ല. നല്ല അവസരങ്ങൾ ഉണ്ടാക്കാൻ ബൽജിയത്തിന് കഴിഞ്ഞില്ല. കൃത്യതയില്ലാത്ത നീക്കങ്ങളും പാസ് നൽകുമ്പോഴുള്ള മോശം തീരുമാനങ്ങളുമാണ് ബൽജിയത്തിന് തിരിച്ചടിയായത്.

ജപ്പാൻ പ്രത്യാക്രമണങ്ങൾ നടത്തി. യുടോ നഗാട്ടോമോയുടെ ക്രോസ് ബൽജിയം ഗോൾമുഖത്ത്. കാൽവയ്ക്കാനുള്ള യുയ ഒസാകോയുടെ ശ്രമം വിജയിച്ചില്ല. ബൽജിയം ഗോളി തിബൗട്ട് കുർടോ പന്ത് കൈപ്പടിയിലൊതുക്കാനെത്തി. പക്ഷേ, കുർടോയ്ക്ക് പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. പന്ത് വലയിലേക്ക് ഉരുണ്ടു. അപകടം സംഭവിക്കുംമുമ്പ് കുർടോ തിരിച്ചുവീണ് അത് കൈയിലൊതുക്കി. ഷിൻജി കഗാവ ഇടയ്ക്കിടെ ബൽജിയൻ പ്രതിരോധത്തിന് തലവേദനയുണ്ടാക്കി.

മികച്ചതായിരുന്നു ജപ്പാന്റെ പ്രതിരോധം. മായാ യോഷിദയും നഗാട്ടോമയും ജപ്പാൻ ഗോൾവലയ്ക്ക് മുന്നിൽ മതിലുപോലെ നിലകൊണ്ടു. ആദ്യപകുതി ഗോൾ ഇല്ലാതെ അവസാനിച്ചു.

രണ്ടാംപകുതിയിൽ ബൽജിയം ഗോൾമുഖത്ത് ജപ്പാൻ നിറഞ്ഞാടി. യൂറോപ്പിന്റെ വമ്പുമായെത്തിയ ബൽജിയത്തെ സമുറായിപ്പട നിശബ്ദരാക്കി. പ്രത്യാക്രമണത്തിന്റെ മനോഹര നിമിഷങ്ങൾ. മികച്ച പാസുകൾ, കണ്ണിച്ചേർന്നുള്ള മുന്നേറ്റം, എതിരാളികളുടെ തടിമിടുക്കിനെ കൂസാതെയുള്ള കുതിപ്പ്. റോസ്തോവ് അരീനയിൽ ജപ്പാൻ ബൽജിയത്തെ കളി പഠിപ്പിച്ചു. ആദ്യം ജെങ്കി ഹരാഗുച്ചി, നാല് മിനിറ്റിന്റെ ഇടവേളയിൽ തകാഷി ഇനുയ്.

മിന്നുന്നൊരു പ്രത്യാക്രമണത്തിൽനിന്നായിരുന്നു ജപ്പാന്റെ ആദ്യഗോൾ. യാൻ വെർട്ടോൻഗന്റെ പിഴവിൽനിന്ന് ജപ്പാൻ കൊളുത്തി. ത്രൂബോൾ പിടിച്ചെടുത്ത് ഹരാഗുച്ചി ബോക്സിലേക്ക് കുതിച്ചു. വലതുഭാഗത്ത് പന്ത് നിയന്ത്രിച്ചു. തൊടുക്കണമോ എന്ന സംശയിച്ചു ഹരാഗുച്ചി. പിന്നെ മനോഹരമായി തൊടുത്തു. കുർടോയെ നിഷ്പ്രഭനാക്കി ഹരാഗുച്ചിയുടെ മിന്നുന്ന അടി ബൽജിയത്തിന്റെ ഇടതുമൂലയെ തകർത്തു. അടുത്ത നാല് മിനിറ്റിനുള്ളിൽ ഇനുയി ലോങ് റേഞ്ചറിലൂടെ ബൽജിയത്തെ നടുക്കി.

ബൽജിയം അപമാനിതരായി. അവർ ഉരുകി. തിരിച്ചടിക്കായി ആഞ്ഞുശ്രമിച്ചു. ഒരു നിമിഷത്തെ മരവിപ്പിനുശേഷം ബൽജിയം സടകുടഞ്ഞെഴുന്നേറ്റു. അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ രണ്ട് ഗോളുതിർത്തു. ആദ്യത്തേത് വെർട്ടോൻഗന്റെ അവിശ്വസനീയ ഹെഡർ. ഇടതുമൂലയിൽനിന്ന് വെർട്ടോൻഗന്റെ തലയിൽനിന്നും പറന്ന ഹെഡർ ജപ്പാൻ ഗോളി കവാഷിമയുടെ തലയ്ക്കുമുകളിലൂടെ വലയിലേക്ക് ചാഞ്ഞിറങ്ങി. ജപ്പാൻ അമ്പരന്നു. ആ അമ്പരപ്പിലേക്ക് രണ്ടാം ഗോളും വീണു. പകരക്കാരനായെത്തിയ മൗറെൻ െഫല്ലെയ്നിയുടെ ഹെഡർ. ബൽജിയം അപകടകാരികളായി.

ചാഡ്ലിയുടെയും ലുക്കാക്കുവിന്റെയും ഹെഡറുകൾ തടുത്ത് കവാഷിമ രക്ഷകനായി. കളി പരിക്കുസമയത്തിലേക്ക്‌.
അവസാന നിമിഷം കഗാവയുടെ മിന്നൽ ഫ്രീകിക്ക് ബൽജിയം ഗോളി കുർടോ പിടിച്ചെടുത്തു. പന്ത്‌ മുന്നിേേലക്ക്‌ ഇട്ടുകൊടുത്തു. ബൽജിയത്തിന്റെ പ്രത്യാക്രമണം. കെവിൻ ഡി ബ്രയ്ന്റെ കാലുകൾ അസ്ത്രവേഗത്തിൽ കുതിച്ചു. ബോക്സിനരികെവച്ച് മുനിയെറിലേക്ക്. നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി. മുനിയറിന്റെ ക്രോസ് ഗോൾവലയ്ക്ക് മുന്നിലൂടെ പാഞ്ഞു. ലുക്കാക്കു കാൽതൊട്ടുപിന്നിൽ. അരികെ ചാഡ്ലിയുണ്ടായിരുന്നു. കവാഷിമയ്ക്ക് പ്രതികരിക്കാനുള്ള സമയംകിട്ടുംമുമ്പ് പന്ത് വലയിലേക്കിറങ്ങി.



Sharing is Caring