2014ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരും ഇറാഖിന്റെ വടക്കന്‍ നഗരമായ മൊസൂളിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചതായി കുടംബക്കാരെ അറിയിച്ചു.
ഇറാഖി സര്‍ക്കാരുമായി സംസാരിച്ചതായും എല്ലാം ശരിയായാല്‍ ഉറപ്പായും അവരെ തിരികെ അയക്കുമെന്ന് സുഷമ സ്വരാജ് ഉറപ്പ് നല്‍കിയതായും കാണാതായ മന്‍ജീന്ദര്‍ സിങ്ങിന്റെ സഹോദരി ഗുര്‍പിന്ദര്‍ കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്നും ബാഗ്ദാദിലേക്ക് മാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
നേരത്തെ മൊസൂളിന്റെ 90 ശതമാനവും പിടിച്ചെടുത്തെങ്കിലും ബന്ദികളായ ഇന്ത്യാക്കാരെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. 2014 ജൂണ്‍ 14നാണ് അവസാനമായി തിരോധാനത്തിലായവരുമായി അവസാനം ബന്ധപ്പെട്ടതെന്ന് ബന്ധുക്കള്‍ അറിയിച്ചു. പഞ്ചാബ്, ബംഗാള്‍ സ്വദേശികളാണ് ബന്ദികളായവരില്‍ പൂരിഭാഗവും. ഇതിനോടകം 11 വട്ടം ബന്ധുക്കള്‍ ഇവരുടെ കാര്യങ്ങള്‍ അന്വേഷിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഇതുവരെ സംഭവത്തെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു.













