എംജി വാഴ്‌സിറ്റി മീറ്റ്: എംഎ, അല്‍ഫോണ്‍സ മുന്നില്‍


മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ പുരുഷവിഭാഗത്തില്‍ കോതമംഗലം എംഎ കോളേജും വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സാ കോളേജും മുന്നേറുന്നു.


വനിതാ വിഭാഗത്തില്‍ 111 പോയിന്റാണ് ഒന്നാമതുള്ള പാലാ അല്‍ഫോണ്‍സാ കോളേജിനുള്ളത്. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് 88 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 31 പോയിന്റുള്ള കോതമംഗലം എംഎ കോളേജ് മൂന്നാമത്.


പുരുഷ വിഭാഗത്തില്‍ 133 പോയിന്റുമായാണ് എം കോളേജ് കിരീടം ലക്ഷ്യമാക്കി കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പാലാ സെന്റ് തോമസ് കോേളജിന് 49 പോയിന്റും മൂന്നാമതുള്ള ചങ്ങനാശ്ശേരി എസ്ബി കോളേജിന് 41ഉം പോയിന്റാണുള്ളത്.

മീറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ നാല് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. 5000 മീറ്റര്‍ വനിതകളുടെ നടത്തത്തില്‍ പാലാ അള്‍ഫോന്‍സയുടെ മേരി മാര്‍ഗരറ്റ്, 20000 മീറ്റര്‍ പുരുഷ വിഭാഗം നടത്തത്തില്‍ കോതമംഗലം എംഎ കോളജിന്റെ തോമസ് എബ്രഹാം, പുരുഷ വിഭാഗം ലോംഗ്ജംപില്‍ എംഎയുടെ തന്നെ പി.വി. സുഹൈല്‍, ജാവലിന്‍ ത്രോ പുരുഷ വിഭാഗത്തില്‍ പാലാ സെന്റ് തോമസിന്റെ അരുണ്‍ ബേബി എന്നിവരാണ് പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചത്.

മീറ്റിലെ വേഗതയേറിയ താരങ്ങളായി വനിതാ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷനിലെ കെ. മഞ്ജുവും പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജിലെ കെ.എസ്. പ്രണവും തെരഞ്ഞെടുക്കപ്പെട്ടു. വനിതകളുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലാ അല്‍ഫോണ്‍സാ കോളേജിലെ ഡൈബി സെബാസ്റ്റിയനും സ്വര്‍ണ്ണം നേടി.

മത്സരങ്ങള്‍ ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎ കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.



Sharing is Caring