ആദിവാസികള്‍ മാലിന്യം പോലും തിന്ന് വിശപ്പടക്കേണ്ട അവസ്ഥയിലാണെന്നത്ഞെട്ടിക്കുന്നതാണ്;വി എസ്


തിരുവനന്തപുരം: മാലിന്യനിക്ഷേപ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന ആദിവാസി ബാലന്മാരുടെ ചിത്രം യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന വികസനത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.മറ്റു മേഖലകളിലേക്കുളള പണം വെട്ടിവിഴുങ്ങുന്നതുപോലെ ആദിവാസി മേഖലയിലെ പണവും യുഡിഎഫിലെ ആര്‍ത്തിപ്പണ്ടാരങ്ങള്‍ കട്ടുതിന്നതിന്റെ ഫലമായാണ് ഗോത്രവര്‍ഗക്കാര്‍ക്ക് വിശപ്പടക്കാന്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളില്‍ അഭയം തേടേണ്ടിവന്നിരിക്കുന്നത്. ആദിവാസി വനിതാ മന്ത്രിയെ മൂകസാക്ഷിയാക്കിക്കൊണ്ടുള്ള യുഡിഎഫ് ഭരണം കേരളത്തെ അത്യന്തം അപമാനകരമായ നിലയിലേക്കാണ് എത്തിച്ചിരിക്കുന്നത്. അങ്ങേയറ്റം പരിഗണനയോടെ ഇടപെടേണ്ട ആദിവാസികളുടെ കാര്യത്തില്‍ ഇത്രയും മനുഷ്യത്വവും മനസാക്ഷിയും ഇല്ലാതെ പെരുമാറുന്ന ഈ സര്‍ക്കാരിന് പ്രബുദ്ധ കേരളം മാപ്പ് നല്‍കില്ലെന്ന് വി എസ് പറഞ്ഞു.കേരളമൊട്ടാകെ ആദിവാസികള്‍ മാലിന്യം പോലും തിന്ന് വിശപ്പടക്കേണ്ട അവസ്ഥയിലാണെന്നത് ഞെട്ടിക്കുന്നതാണ്. ഇതിനുത്തരവാദികളായ ഈ സര്‍ക്കാരിനെതിരെ പട്ടികവര്‍ഗ പീഡന നിയമപ്രകാരം കേസെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.




Sharing is Caring