അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി


അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി. അരുണാചലില്‍ പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ചു കൊണ്ടാണ് അഞ്ചംഗ സുപ്രിം കോടതി ബെഞ്ചിന്റെ വിധി.


ജനുവരി 26 മുതല്‍ അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിലെ 47 എം.എല്‍.എമാരില്‍ 21 പേര്‍ വിമതരായി പോയതിനുശേഷമാണ് വിവാദ സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഗവര്‍ണര്‍ ജെ.പി രാജ്‌ഖോവയുടെ നേതൃത്വത്തില്‍ വിമതരെയും പ്രതിപക്ഷ അംഗങ്ങളെയും ചേര്‍ത്ത് പുറത്ത് വേറെ നിമയസഭ വിളിച്ചുചേര്‍ക്കുകയായിരുന്നു.


ഇതില്‍ മുഖ്യമന്ത്രി തുകിയെയും സ്പീക്കര്‍ നബാം റേബിയയെയും നീക്കിയതായും പ്രഖ്യാപിച്ചു. പിന്നാലെ ഫെബ്രുവരി 19ന് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം കാലിഖോ പുല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. 20 കോണ്‍ഗ്രസ് വിമത എം.എല്‍.എമാരുടെയും 11 ബി.ജെ.പി എം.എല്‍.എമാരുടെയും പിന്തുണയോടെയായിരുന്നു ഇത്.



Sharing is Caring