അമേരിക്കന്‍ ആശയവിനിമയ കമ്മീഷനെ നയിക്കാന്‍ ഇന്ത്യാക്കാരന്‍


അമേരിക്കന്‍ കമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ ഒരു കമ്മീഷണറായ ഇന്ത്യാക്കാരന്‍ അജിത് പൈ കമ്മീഷന്‍ തലവനായി തിങ്കളാഴ്ച സ്ഥാനമേല്‍ക്കും. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വക്താവ് സീന്‍ സ്‌പൈസര്‍ അറിയിച്ചതാണ് ഇക്കാര്യം.


നേരത്തെ അജിത് പൈ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്മീഷന്റെ തലപ്പത്തേക്ക് ഇദ്ദേഹം എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച. സെല്‍ഫോണ്‍ സ്‌പെക്ട്രവും സംപ്രേഷണവും അടക്കമുളളവ നിയന്ത്രിക്കുന്നത് കമ്മീഷനാണ്. നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടോം വീലറാണ് ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്റെ തലവന്‍. ട്രംപ് പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നതോടെ ഇദ്ദേഹം സ്ഥാനം ഒഴിയേണ്ടതുണ്ട്. എഫ്‌സിസി ചെയര്‍മാന്‍ പദത്തിന് സെനറ്റിന്റെ അംഗീകാരവും ആവശ്യമാണ്.


റേഡിയോ, ടെലിവിഷന്‍, ഫോണ്‍, മൊബൈല്‍ ഫോണ്‍ സ്‌പെക്ട്രം-സേവനങ്ങള്‍, ഇന്റര്‍നെറ്റ്, ഉപഗ്രഹ, കേബിള്‍ ശൃംഖലകള്‍ എന്നിവയെ നിയന്ത്രിക്കുന്നത് എഫ്‌സിസിയാണ്.
ഡോക്ടര്‍ദമ്പതികളുടെ മകനായ പൈ സര്‍ക്കാര്‍ വകുപ്പിലെയും കോണ്‍ഗ്രസിലെയും സ്വകാര്യമേഖലയിലെയും അഭിഭാഷകനാണ്.

മുന്‍ കാലങ്ങളില്‍ എഫ്‌സിസിയുടെ പ്രവര്‍ത്തനങ്ങളുടെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് പൈ. ഓണ്‍ലൈന്‍ മ്യൂസിക്കും വീഡിയോകളും മറ്റും ഓണ്‍ലൈനിലൂടെ സൗജന്യമായി ലഭിക്കാനുളള നിര്‍ദേശങ്ങളെ ഇതിന്റെ നിയമവശങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൈ വിമര്‍ശിച്ചിരുന്നു.



Sharing is Caring