ജെല്ലിക്കെട്ട് നിരോധനം: തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നു


തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയിലേയ്ക്കും പ്രക്ഷോഭം പടരുകയാണ്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നും കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.


അതിനിടെ നാമക്കല്‍ ജില്ലയില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചാണ് സമരത്തില്‍ അണിനിരക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് മറീന ബീച്ചില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. മധുരയില്‍ ജെല്ലിക്കെട്ട് പ്രക്ഷോഭം നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. ഇവരെ ഉടന്‍ മോചിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.


അതേസമയം തമിഴ് സിനിമ മേഖലയിലെ പ്രമുഖരും ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. സിങ്കം3 എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി തിരുവനന്തപുരത്ത് എത്തിയ സൂര്യ തമിഴ്‌നാട്ടിലെ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ജെല്ലിക്കെട്ട് തമിഴരുടെ വികാരമാണെന്നും പ്രതികരിച്ചു. നേരത്തെ കമല്‍ഹാസന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നടന്മാരും ജെല്ലിക്കെട്ടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.



Sharing is Caring