അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരനെ വിട്ടുതരില്ലെന്ന് ഇറ്റലി


വിവാദമായ അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടനിലക്കാരനെ വിട്ടുതരില്ലെന്ന് ഇറ്റലി. ഇടനിലക്കാരനായ കാര്‍ലോ വലന്റീനോ ജെറോസയെയാണ് ഇന്ത്യയ്ക്ക് കൈമാറാന്‍ ഇറ്റലി വിസമ്മതിച്ചത്. സി.ബി.ഐയുടെ ആവശ്യപ്രകാരം കഴിഞ്ഞ ഒക്ടോബറില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിനെ തുടര്‍ന്ന് ഇറ്റലി ജെറോസയെ അറസ്റ്റ് ചെയ്തിരുന്നു.


അന്വേഷണത്തിന്റെ ഭാഗമായി ജെറോസയെ വിട്ടുതരണമെന്ന് സി.ബി.ഐ നവംബറില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേസില്‍ ജെറോസയ്ക്കുള്ള പങ്ക് സംബന്ധിച്ച കുറ്റപത്രത്തിലെ വിവരണങ്ങളും മറ്റും കൈമാറുകയും ചെയ്തു. എന്നാല്‍, സ്വിസ് പാസ്‌പോര്‍ട്ടുള്ള ഇയാളെ കൈമാറാനാവില്ലെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു.


യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇടപാടില്‍ 3,727 കോടി രൂപയുടെ അഴിമതിയില്‍ 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ജെറോസയെ കൈമാറണമെന്ന ആവശ്യം ഒരിക്കല്‍കൂടി ഉന്നിയക്കുമെന്ന് സി.ബി.ഐ അധികൃതര്‍ അറിയിച്ചു.



Sharing is Caring