കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബാള്‍ അക്കാദമിക്ക് തൃശൂര്‍ സേക്രട്ടഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. എസ് എച്ച് അമിഗോസ് ഗേള്‍സ് ഫുട്ബാള്‍ അക്കാദമിയുടെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ഗോള്‍ കീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ വിക്ടര്‍ മഞ്ഞില ഒളിമ്പിക് ദീപം തെളിയിക്കുകയും കുട്ടികള്‍ രൂപകല്‍പന ചെയ്ത ലോഗോ പ്രകാശിപ്പിക്കുകയും ചെയ്തു.
ഡോ. ബോബി ചെമ്മണൂരാണ് അമിഗോസ് ഗേള്‍സ് ഫുട്ബാള്‍ അക്കാദമിയുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഫുട്ബാള്‍ താരങ്ങള്‍ക്ക് ബൂട്ട്‌സും ജേഴ്‌സിയും ഡോ. ബോബി ചെമ്മണൂര്‍ സമ്മാനിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് കോര്‍പറേഷന്‍ വിദ്യാഭ്യാസ- സ്‌പോര്‍ട്‌സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മേരി ജെസ്ലിന്‍ സി എം സി നിര്‍വഹിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ പ്രദര്‍ശനവും ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി കര്‍ണാടക സംഗീത ഫ്യൂഷന്‍ പരിപാടിയും അരങ്ങേറി.
ലാലി ജെയിംസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പി ടി എ ഭാരവാഹികളായ എ ജെ ഫ്രാന്‍സി, കെ പി ജോസ് എന്നിവര്‍ ആശംസ നേര്‍ന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ ജോസ് സ്വാഗതവും ലാമിയ മാത്യു കെ നന്ദിയും പറഞ്ഞു.












