
ഇന്ത്യയുടെ മുൻ മധ്യനിര ബാറ്റ്സ്മാൻ യുവരാജ് സിങ് പരിശീലക കുപ്പായമണിയുന്നു. അടുത്ത ഐ.പി.എല്ലില്‍ പരിശീലകനായി യുവരാജ് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനിരയിലേക്ക് യുവരാജ് എത്തുമെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ ഗുജറാത്ത് ടീം മാനേജ്മെന്റും യുവരാജ് സിങും തമ്മില്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

ഗുജറാത്തിന്റെ മുഖ്യപരിശീലകൻ ആശിഷ് നെഹ്റയും ടീം ഡയറക്ടർ വിക്രം സോളങ്കിയും 2025ഓടെ ടീം വിടുമെന്നാണ് റിപ്പോർട്ട്. 2022ലാണ് നെഹ്റയും സോളങ്കിയും ഗുജറാത്തിലെത്തിയത്. ഇരുവർക്കും കീഴില്‍ ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം നടത്താൻ ടീമിന് സാധിച്ചിരുന്നു.
എന്നാല്‍, ഈ സീസണില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ടീമിന് സാധിച്ചിരുന്നില്ല. ഹാർദിക് പാണ്ഡ്യ ടീം വിട്ട് മുംബൈയിലേക്ക് മാറിയതും മുഹമ്മദ് ഷമിക്ക് പരിക്ക് മൂലം കളിക്കാൻ സാധിക്കാതിരുന്നതും ഗുജറാത്തിന് ഈ സീസണില്‍ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനായി യുവരാജ് സിങ് എത്തുമെന്ന റിപ്പോർട്ടുകള്‍.
അതേസമയം, ഗുജറാത്തില്‍ മാത്രമല്ല ഐ.പി.എല്ലിലെ മറ്റ് ചില ഫ്രാഞ്ചൈസികളിലും പരിശീലക സ്ഥാനങ്ങളില്‍ മാറ്റമുണ്ടായേക്കും. ഗൗതം ഗംഭീർ, അഭിഷേക് നയ്യാർ, റയാൻ ടെൻ ഡോസ്ചേറ്റ് എന്നിവർ പടിയിറങ്ങുന്നതോടെ കൊല്‍ക്കത്ത ടീമിന്റെ പരിശീലകരില്‍ മാറ്റമുണ്ടാവുമെന്ന് ഉറപ്പാണ്. ഡല്‍ഹിയുടെ പരിശീലക കുപ്പായമഴിച്ചുവെക്കുമെന്ന് റിക്കി പോണ്ടിങ്ങും അറിയിച്ചിട്ടുണ്ട്.
