മാലിയില്‍ ഭീകരസംഘടനയുടെ ആക്രമണത്തില്‍ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


മാലിയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. രാജ്യത്തെ സൈനിക ഭരണകൂടത്തിന്റെ കരുത്തനും പ്രതിരോധ മന്ത്രിയുമായ സാദിയോ കമാര ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കാത്തി സൈനിക താവളത്തിലെ ഔദ്യോഗിക വസതിക്ക് നേരെ അല്‍ ഖ്വയ്ദ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിലാണ് കമാരയ്ക്ക് ജീവന്‍ നഷ്ടമായത്.


ഫ്രഞ്ച് മാധ്യമമായ ആര്‍എഫ്‌ഐയും മന്ത്രിയുടെ ബന്ധുക്കളും മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, പുറംലോകത്തോട് നാണക്കേട് ഭയന്ന് മാലി സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ജെ.എന്‍.ഐ.എം, ടുവാരെഗ് വിമത ഗ്രൂപ്പായ എഫ്.എല്‍.എ (എഘഅ) എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് ആക്രമണം നടത്തിയത്. സമീപകാലത്ത് മാലി നേരിട്ട ഏറ്റവും വലിയ ഏകോപിത ഭീകരാക്രമണമാണിതെന്ന് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നു. കാത്തിയിലെ സൈനിക താവളം മാത്രമല്ല, ബമാകോ വിമാനത്താവളം, മോപ്തി, സെവാരെ, ഗാവോ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും ഒരേസമയം ആക്രമണമുണ്ടായി.


മുമ്പ് വിമതരുടെ കോട്ടയായിരുന്ന കിദാല്‍ നഗരം തങ്ങള്‍ തിരിച്ചുപിടിച്ചതായി എഫ്.എല്‍.എ അവകാശപ്പെട്ടു. അവിടെയുണ്ടായിരുന്ന റഷ്യന്‍ സൈനികര്‍ക്ക് നഗരം വിട്ടുപോകാന്‍ അവസരം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.മാലിയിലെ സൈനിക ഭരണകൂടത്തിന്റെ കരുത്തനായ നേതാവും റഷ്യയുമായുള്ള സൈനിക സഹകരണത്തിന്റെ മുഖ്യ സൂത്രധാരനുമായിരുന്നു സാദിയോ കമാര. 2020-21 അട്ടിമറികള്‍ക്ക് ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളെ പുറന്തള്ളി റഷ്യയുമായി അടുക്കാന്‍ മാലിയെ പ്രേരിപ്പിച്ചത് കമാരയായിരുന്നു. റഷ്യന്‍ കൂലിപ്പടയാളികളായ ആഫ്രിക്ക കോര്‍പ്‌സ് (മുന്‍ വാഗ്‌നര്‍ ഗ്രൂപ്പ്) ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പലര്‍ക്കും പരിക്കേറ്റതായി റഷ്യന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരമേറ്റ അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് ഈ ആക്രമണം. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തലസ്ഥാനത്തേക്കുള്ള ഇന്ധന വിതരണം ഭീകരര്‍ തടഞ്ഞതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്.

സംഭവത്തെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചു. പശ്ചിമാഫ്രിക്കയിലെ സാഹേല്‍ മേഖലയിലെ ഭീകരവാദം തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച്‌ നില്‍ക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആഹ്വാനം ചെയ്തു. അതേസമയം വിവിധയിടങ്ങളില്‍ ഭീകരരെ തുരത്താനുള്ള സൈനിക നീക്കം തുടരുകയാണെന്ന് മാലി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.



Sharing is Caring