കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന് ഒരു പ്രശ്നമാണ്. കോണ്‍ഗ്രസ് അരാജകത്വത്തിന്റെയും അഴിമതിയുടെ ഭീകരവാദത്തിന്റെയും വേരായി പ്രവര്‍ത്തിക്കുകയാണ് എന്നും യോഗി ആരോപിച്ചു. കോണ്‍ഗ്രസിന്റെ കോട്ടയായ റായ്ബറേലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംഘടിപ്പിച്ച ‘ജന്‍ വിശ്വാസ് യാത്ര’യില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റായ്ബറേലിയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപിയിലേക്ക് എത്തുന്നത് കോണ്‍ഗ്രസിനെ ഇവിടെ നിന്ന് വേരോടെ പിഴുത് എറിയുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. റായ്ബറേലി ഒരിക്കലും വിദേശ ഭരണം അംഗീകരിച്ചിട്ടില്ല. രാജ്യത്തെ തീവ്രവാദത്തിന്റെയും അരാജകത്വത്തിന്റെയും അഴിമതിയുടെയും വേരുകള്‍ കോണ്‍ഗ്രസ് ആണ്. ജാതീയതയും ഭാഷാവിദ്വേഷവും പ്രചരിപ്പിക്കുന്നത് അവരാണെന്നും അദ്ദേഹം ആരോപിച്ചു.

സമ്മേളനത്തില്‍ സമാജ് വാദി പാര്‍ട്ടിയെയും യോഗി വിമര്‍ശിച്ചു. ഈ പാര്‍ട്ടിയുടെ കെടി വെച്ച വാഹനം കണ്ടാല്‍ അതിനുള്ളില്‍ ഗുണ്ടകള്‍ ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് യോഗി പറഞ്ഞു. എസ്പിയും ബിഎസ്പിയും സംസ്ഥാനത്തിന് ദോഷമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ക്ക് ഇത് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. രാമനെയും കൃഷ്ണനെയും സാങ്കല്‍പ്പികമെന്ന് വിശേഷിപ്പിച്ചവര്‍ക്ക് ക്ഷേത്രം പണിയാന്‍ കഴിയുമോ? രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തവര്‍ക്ക് പണിയാന്‍ കഴിയുമോ? എന്നാണ് യോഗി ചോദിച്ചത്. മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളെയും അദ്ദേഹം അഴിമതിയുടെ ഗുഹ എന്നാണ് വിശേഷിപ്പിച്ചത്. റായ്ബറേലിയില്‍ 834 കോടി രൂപയുടെ 381 പദ്ധതികള്‍ യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തതായി ഉത്തര്‍പ്രദേശ് ബി.ജെ.പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *