തൊടുപുഴ വാസന്തിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ വനിതാ സിനിമാ കൂട്ടായ്മ

ഒരു കാലത്ത് വെള്ളിവെളിച്ചത്തില്‍ തിളങ്ങി നിന്നിരുന്ന തൊടുപുഴ വാസന്തിയുടെ കരളലിയിക്കും കഥ അടുത്തിടെയാണ് മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നത്. രോഗങ്ങളും, സാമ്പത്തിക പ്രയാസങ്ങളും ആ വെളിച്ചം കെടുത്തിയ ജീവിതത്തിന് തണലായി, താങ്ങാകാന്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മ രംഗത്തെത്തി.തൊടുപുഴ വാസന്തിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ വനിതാ സിനിമാ കൂട്ടായ്മ രംഗത്തെത്തി.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ കൂട്ടായ്മ ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

സിനിമയുടെ വെള്ളിവെളിച്ചത്തിൽ മാത്രം പരിചയപ്പെട്ടവർ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാൽ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകൾ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു.പ്രമേഹം മൂർച്ഛിച്ച് വലതുകാൽ മുറിച്ചുമാറ്റി. തൊണ്ടയിൽ കാൻസർ ബാധിച്ച് വീണ്ടും രോഗനാളുകൾ. 20 റേഡിയേഷൻ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്നു ഡോക്ടർമാർ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേൾവിക്കുറവുമുണ്ട്. തുടർചികിത്സ നടത്താൻ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം.

2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളിൽ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.പിതാവ് രാമകൃഷ്‌ണൻ നായർ കാൻസർ രോഗബാധിതനായതോടെ സിനിമയിൽനിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങൾ സിനിമാജീവിതത്തെ മുറിച്ചുമാറ്റി.

സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവർഷം മുൻപ് അതു പൂട്ടി. ചോർന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്പാദ്യം. നല്ലൊരു കാലം മലയാള സിനിമയിൽ മനസ്സർപ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങൾ കാണാതിരുന്നുകൂട. WCC ഞങ്ങൾക്ക് കഴിയുന്ന സഹായകവുമായി അവർക്ക് ഒപ്പം തീർച്ചയായും ഉണ്ട്. ഒപ്പം സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *