തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്നി അഞ്ജുവും പ്രചാരണ പരിപാടികളിൽ സജീവമായി രംഗത്ത്. സ്ഥാനാർത്ഥി കടലോര മേഖലയിൽ ചൂടുപിടിച്ച പ്രചാരണവുമായി മുന്നേറുമ്പോൾ പത്നി വിവിധയിടങ്ങളിൽ കുടുംബ കൂട്ടായ്മകളിൽ പങ്കെടുത്തും പ്രമുഖരെ സന്ദർശിച്ചുമാണ് വോട്ടു തേടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഞ്ജു സജീവ പ്രചാരണവുമായി മുന്നേറുകയാണ്.
വ്യാഴാഴ്ച പേരൂർക്കടയിൽ ദൂരദർശൻ വാർത്ത അവതാരകരും പ്രോഗ്രാം, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നിന്നു വിരമിച്ചവരുമടക്കം ജീവനക്കാരുടെ കുടുംബ കൂട്ടായ്മയിൽ പങ്കെടുത്തായിരുന്നു അഞ്ജുവിന്റെ തുടക്കം. രാവിലെ പേരൂർക്കടയിലെത്തിയ അഞ്ജുവിനും പ്രവർത്തകർക്കും തിരുവനന്തപുരം ദൂരദർശൻ മുൻ ഡയറക്ടർ കെ. കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പി കെ വേണുഗോപാൽ, ഷീല രാജഗോപാൽ, രാജേശ്വരി നാഥ്, സെൽമ, രേഖ, പ്രേമ മുതലായവരും കുടുംബാംഗങ്ങളും കൂട്ടായ്മയിൽ ഒത്തുചേർന്നു. നേരത്തെ രാജകുടുംബാംഗവും എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെയും അഞ്ജു ചന്ദ്രശേഖർ സന്ദർശിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാറിന്റെ വികസന സമീപനത്തിൻ്റെ ഗുണം തിരുവനന്തപുരമടക്കം കേരളത്തിലുടനീളം ലഭ്യമാക്കുന്നതിന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് അഞ്ജു അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങളും ഭാവി പദ്ധതികളും വിവരിക്കുന്ന ലഘുലേഖകളും അവർ തന്നെ വിതരണം ചെയ്തു. സ്ത്രീ സുരക്ഷയടക്കം തലസ്ഥാനത്തിൻ്റെ സാമൂഹിക, അടിസ്ഥാന സൗകര്യ വികസന വിഷയങ്ങളിൽ എന്നും നാട്ടുകാർക്കൊപ്പമുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് അഞ്ജുവും കൂട്ടരും മടങ്ങിയത്.