തീരദേശവാസികൾക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല, വികസനമാണ് : രാജീവ് ചന്ദ്രശേഖർ

ജനപ്രതിനിധികളിൽ നിന്ന് തീരദേശവാസികൾ പ്രതീക്ഷിക്കുന്നതെന്ന് തുറന്നടിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇത്രകാലവും ഭരിച്ച ഇടത്, വലത് സർക്കാരുകളെല്ലാം തീരദേശ ജനതക്ക് വാരിക്കോരി വാഗ്ദാനങ്ങൾ നൽകി അവരെ ഒന്നടങ്കം വഞ്ചിക്കുകയായിരുന്നു. കോവളം മണ്ഡലത്തിലെ തീരദേശ മേഖലയിൽ പര്യടനം തുടരുന്നതിനിടയിൽ വിഴിഞ്ഞം ഹാർബർ റോഡിനു സമീപം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശത്തെ എല്ലാ വീടുകളിലും ശുദ്ധജല ലഭ്യതയുറപ്പാക്കുമെന്നത് എൻ.ഡി.എയുടെ പ്രകടനപത്രികയിലെ ഉറപ്പാണ്. ഒപ്പം തീരസംരക്ഷണവും തീരദേശവാസികൾക്ക് പാർപ്പിടവും കുടിവെള്ളവും ലഭ്യമാക്കുകയാണ് തൻ്റെ ആദ്യ പരിഗണന. തീരപ്രദേശത്ത് വീടുകൾ വച്ചു നൽകാൻ തടസ്സം സൃഷ്ടിക്കുന്നത് സംസ്ഥാന സർക്കാരാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇടനിലക്കാരില്ലാതെ യഥാർത്ഥ ഉപഭോക്താക്കൾക്ക് ഭവന നിർമ്മാണ ഫണ്ട് നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും തങ്ങളുടെ മാന്യമായ ഉപജീവനത്തിനുള്ള വായ്പ ലഭ്യമാക്കാനുള്ള സുതാര്യമായ നടപടികളുണ്ടാകേണ്ടത് അവരുടെ അവകാശമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തീരദേശത്തെ വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനത്തിന് സ്കിൽ സെൻ്ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടലോരത്തെ കഠിനമായ ഉച്ചച്ചൂടിനെ തെല്ലും വകവെക്കാതെ മത്സ്യത്തൊഴിലാളി വനിതകൾക്കിടയിലേക്കിറങ്ങി വോട്ടഭ്യർഥിച്ചപ്പോൾ അവർക്കും അത്ഭുതം. തുടർന്ന് വിഷമതകളുടെ ഭാണ്ഡം ഒന്നൊന്നായി അവർ സ്‌ഥാനാർഥിക്കു മുന്നിൽ നിരത്തി. ആര് ഭരിച്ചിട്ടും ഞങ്ങൾക്ക് ഒരു പുരോഗമനവുമില്ലെന്ന് വിഴിഞ്ഞത്ത് മത്സ്യ കച്ചവടം നടത്തുന്ന ക്രിസ്റ്റിൽഡ പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി വോട്ട് വാങ്ങി വിജയിച്ച് പോകും പിന്നെ തീരപ്രദേശത്തേക്ക് ഒരാളും തിരിഞ്ഞുനോക്കാറില്ല; കുടിക്കാൻ ഒരു തുള്ളി ശുദ്ധജലമില്ല; ശൗചാലയമില്ല; അങ്ങനെ പോയി പരാതികൾ. ഞങ്ങൾ ഇതൊക്കെ ആരോട് പറയും ഇതിനൊരു മാറ്റം വരണം. ഇത്തവണ ഞങ്ങൾ സാറിനെ വിജയിപ്പിക്കും. രാജീവ് ചന്ദ്രശേഖറിൻ്റെ കരങ്ങൾ പിടിച്ച് ക്രിസ്റ്റിൽഡ ഉറപ്പ് പറഞ്ഞു. ഞങ്ങൾ സ്ഥലം വിട്ട് കൊടുത്തു പണിയുന്ന തുറമുഖത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് തൊഴില്ലില്ല എന്നാണ് ലിസിയുടെ പരാതി. ഇനി സാർ ജയിച്ചാൽ മാത്രമേ ഞങ്ങൾക്കൊരു നല്ല കാലം വരൂ. ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനോ അത് പരിഹരിക്കുന്നതിനോ കഴിവുള്ള ഒരു ജനപ്രതിനിധി ഇതുവരെയും ഇവിടെയുണ്ടായിട്ടില്ല. വോട്ട് മാത്രമാണ് അവരുടെ ലക്ഷ്യം. പരാതികളെല്ലാം രാജീവ് ചന്ദ്രശേഖർ ക്ഷമയോടെ കേട്ടുനിന്നു.

തീരദേശത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്നത് ബിജെ പി യുടെ പ്രകടന പത്രികയിലെ ഉറപ്പാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അത് സമയബന്ധിതമായി പൂർത്തിയാക്കും. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷംവരെ വായ്പകൾ നിലവിലുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ലിസിയെ ബോധ്യപ്പെടുത്തി.

രാജീവ് ചന്ദ്രശേഖറിൻ്റെ ചിത്രം പതിച്ച നൂറുകണക്കിന് ബൈക്ക്, ഓട്ടോ റിക്ഷകൾ എന്നിവയുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. വിഴിഞ്ഞം ഹാർബർ റോഡിൽ നിന്നും ആരംഭിച്ച റോഡ്ഷോ കോട്ടപ്പുറം വഴി പള്ളിമുറ്റം തുലവിള, മരിയ നഗർ അടിമലത്തുറ കൊച്ചുപള്ളി വഴി പുല്ലുവിള എന്നിവിടങ്ങളിൽ പര്യടനം നടത്തി. പൊരിവെയിലിനെ അവഗണിച്ചും എല്ലായിടത്തും വലിയ ജനക്കൂട്ടം ആവേശത്തോടെ സ്‌ഥാനാർഥിയെ കാണാനെത്തിയത് അദ്ദേഹത്തിനും പാർട്ടിപ്രവർത്തകരടക്കമുള്ള അണിയറപ്രവർത്തകർക്കും ചെറുതല്ലാത്ത ആവേശം പകർന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *