ബഫർ സോൺ നിർണയിക്കുന്നതിനായി തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യാപക പിഴവ്

വനാതിർത്തിയിലെ ബഫർ സോൺ നിർണയിക്കുന്നതിനായി സംസ്ഥാനം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യാപക പിഴവ്. അവ്യക്ത എങ്ങനെ നീക്കുമെന്നതിൽ വനം വകുപ്പിന് മറുപടിയില്ലെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. സംസ്ഥാന റിമോട്ട് സെൻസിംഗ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ടും, ഭൂപടവും അപൂർണമെന്നാണ് ആക്ഷേപം. വിട്ടുപോയ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ചുവെന്ന വനം വകുപ്പ് വാദത്തിൽ ആത്മാർത്ഥതയില്ലെന്നാണ് കർഷക സംഘടനകളുടെ പരാതി.

സംസ്ഥാനത്ത് 24 വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിലെ ജനവാസ മേഖലകളാണ് നിർണയിക്കേണ്ടത്. ബഫർ സോൺ നിർണ്ണയത്തിനുള്ള സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം നടപടികൾ ആരംഭിച്ചത്. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെൻന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ടിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഭൂവിനിയോഗം,വീടുകൾ,കൃഷിയിടങ്ങൾ ,കെട്ടിടങ്ങൾ,പൊതു സ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി മാർക്ക് ചെയ്യേണ്ടതുണ്ട്.

എന്നാൽ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീനിധീകരിച്ച ഭൂപടം പലയിടത്തും അപൂർണം. കണ്ണൂർ ജില്ലയിലെ ആറളം,കൊട്ടിയൂർ വന്യജീവിസങ്കേതതങ്ങളുടെ അതിർത്തിയിൽ വരുന്ന സർവ്വെ നമ്പറുകൾ അവ്യക്തം. കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിന്റെ 1 കിലോമീറ്റർ പരിധിക്ക് പുറത്തുളള വില്ലേജുകളും പട്ടികയിലുണ്ട്. പെരിയാർ കടുവ സങ്കേതത്തിന് സമീപമുളള വില്ലേജാവട്ടെ മാപ്പിൽ ഇടം പിടിച്ചിട്ടില്ല. പെരിനാട് വില്ലേജ് ഏത് പട്ടികയിൽ ഉൾപ്പെടുമെന്നതിൽ വ്യക്തതയില്ല. മാസങ്ങൾ പ്രസിദ്ധീകരിക്കാതെ വച്ച റിപ്പോർട്ടിൽ ആക്ഷേപം അറിയിക്കാനുള്ള അവസാന തീയതി ഈ മാസം 23 ആണ്.

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് പ്രധാന കെട്ടിടങ്ങൾ നിർണയിച്ചത്. ഗ്രൗണ്ട് മാപ്പിങ് നടന്നില്ല. റവന്യൂ രേഖകളെ കാര്യമായി ആശ്രയിക്കാനായില്ല. കൃത്യത ഉറപ്പാക്കാൻ നിയോഗിച്ച വിദഗ്ധസമിതി എന്ത് ചെയ്‌തെന്ന കാര്യത്തിൽ വ്യക്തതയില്ല. പിഴവ് പരിഹരിക്കാൻ സ്ഥലപരിശോധന വേണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *