ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവിനെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായി. ഞായറാഴ്ച വൈകുന്നേരം കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് സംഭവം.
ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശിയായ 23 കാരനായ ശരത് കുമാറിനെയാണ് കാണാതായത്. സംഭവത്തിന്‍റെ ദൃശ്യം സുഹൃത്തിന്‍റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കൊല്ലൂർ ഗ്രാമത്തിൽനിന്നും ആറു കിലോമീറ്റർ അകലെയുള്ള അരസിനഗുണ്ടി വെള്ളച്ചാട്ടത്തിലാണ് അപകടം.കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞിരിക്കുന്ന സമയമായിരുന്നു. പാറക്കെട്ടിന് മുകളിൽ നിൽക്കുന്ന യുവാവിന് ഒരു നിമിഷം ബാലൻസ് തെറ്റി കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് വീഴുകയായിരുന്നു.പൊലീസ് അടക്കം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല.














