സിറിയയുടെ തലസ്ഥാനത്ത് ഷിയാ മുസ്ലിം ആരാധനാലയത്തിന് സമീപം ബോംബ് ആക്രമണം. ആറ് പേര്‍ കൊല്ലപ്പെട്ടതായും 20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സിറിയയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഷിയ തീര്‍ഥാടന കേന്ദ്രമായ സയീദ സെയ്‌നബ് മഖ്ബറക്ക് സമീപം മോട്ടോര്‍ സൈക്കിള്‍ പൊട്ടിത്തെറിച്ചാണ് ആക്രമണം ഉണ്ടായതെന്ന് മന്ത്രാലയം അറിയിച്ചു.
ഭീകരരുടെ ബോംബാക്രമണമാണ് നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്.ഷിയാ മുസ്ലിം സ്ഥാപകനായ ഇമാം ഹുസൈന്റെ അനുസ്മരണത്തിന് മുന്നോടിയായാണ് ദമാസ്‌കസിന്റെ തെക്ക് ഭാഗത്തായി മാരകമായ സ്‌ഫോടനം നടന്നത്. അജ്ഞാതര്‍ ടാക്‌സിയില്‍ സ്ഥാപിച്ച ബോംബാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെറുമകളും ഷിയാ ഇസ്ലാമിന്റെ സ്ഥാപകനായ ഇമാം അലിയുടെ മകളുമായ സയീദ സൈനബിന്റെ മഖ്ബറയില്‍ നിന്ന് 600 മീറ്റര്‍ അകലെയുള്ള സുരക്ഷാ കെട്ടിടത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് സിറിയന്‍ പൗരനായ 39കാരന്‍ ഇബ്രാഹീം വ്യക്തമാക്കി.













