അഭിമന്യു കൊലക്കേസില്‍ വിചാരണ തുടങ്ങാനിരിക്കെ കോടതിയിൽ നിന്ന് സുപ്രധാന രേഖകൾ നഷ്ടമായി

എറണാകുളം മഹാരാജാസ് കോളജ്​ വിദ്യാർഥി ഇടുക്കി വട്ടവട സ്വദേശി എം അഭിമന്യു കൊലക്കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിചാരണ തുടങ്ങാനിരിക്കെ കോടതിയിൽ നിന്ന് സുപ്രധാന രേഖകൾ നഷ്ടമായി. എൻഐഎ സംഘം കോടതിയിൽ എത്തിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട പതിനൊന്ന് രേഖകൾ നഷ്ടമായ വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്, കുറ്റപത്രം എന്നിവ അടക്കമാണ് 11 രേഖകൾ കാണാതായത്. എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് രേഖകൾ കാണാതായത്.കോടതിയിൽ നിന്ന് രേഖകൾ കാണാതായ സംഭവം അറിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതിയെ വിവരം അറിയിക്കുക മാത്രമാണ് സെഷൻസ് കോടതി ചെയ്തത്.

സുപ്രധാന കേസിലെ രേഖകള്‍ നഷ്ടമായതിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, രേഖഖള്‍ വീണ്ടെടുക്കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.സംഭവത്തിൽ പോപ്പുലര്‍ ഫ്രണ്ടിനെ കുറ്റപ്പെടുത്തി എസ്എഫ്ഐ രംഗത്ത് വന്നിട്ടുണ്ട്. സംഭവം ഞെട്ടിക്കുന്നതാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പ്രതികരിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സംഭവം നേരിട്ട് അന്വേഷിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുന്നു.

സെഷൻ കോടതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റും സെക്രട്ടറിയും ആവശ്യപ്പെട്ടു.സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. അഭിമന്യു കൊല്ലപ്പെട്ട് ഇത്രയും നാൾ കഴിഞ്ഞിട്ടും അതിന്റെ ഉള്ളറകളെ കുറിച്ച് അന്വേഷണം ഉണ്ടായിട്ടില്ല. വലിയ സത്യങ്ങൾ പുറത്തു വരാനുണ്ട്. രേഖകൾ കാണാതായത് സിപിഐഎമ്മിന്റെ പൂർണ അറിവോടെ. അഭിമന്യു കേസ് അട്ടിമറിക്കുക എന്നത് സിപിഐഎം അജണ്ട. ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും പോകുന്ന സമീപനമാണ് തുടക്കം മുതൽ സിപിഐഎം സ്വീകരിച്ചത് എന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.മൂന്ന് മാസം മുന്‍പാണ് രേഖകള്‍ കാണാതായത്.

സംഭവത്തിൽ അന്വേഷണത്തിന് മുതിരാത്ത സെഷന്‍സ് കോടതിയുടെ നീക്കങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. അഭിമന്യു കൊലക്കേസില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനും പൊലീസിനും ആത്മാര്‍തഥ ഇല്ലെന്ന ആക്ഷേപം സജീവമാണ്. മുഖ്യപ്രതിയെ പിടികൂടാന്‍ ഏറെ വൈകി. അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോടതിയിലും കേസ് വിചാരണ തുടങ്ങാതെ ഏറെക്കാലമായി കെട്ടികിടക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *