ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്:ഒരു ദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രമായി ചുരുക്കി

മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ ഒരു ദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രമായി ചുരുക്കി മന്ത്രി കെബി ഗണേഷ്‌കുമാര്‍. മന്ത്രി ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കൂടുതല്‍ അപേക്ഷകര്‍ക്ക് മിക്ക ഓഫീസുകളിലും ടെസ്റ്റിന് അവസരം നല്‍കിയിട്ടുണ്ട്. ഇവരെ എങ്ങനെ ഒഴിവാക്കുമെന്നത് സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ല.മന്ത്രിയുടെ വിചിത്ര നടപടിയിൽ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. എണ്ണം പരിമിതപ്പെടുത്തിയാല്‍ പൂര്‍ണമായും ബഹിഷ്‌കരിക്കാനാണ് ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്‌ക്രടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധം നടത്താനും ലേണേഴ്‌സ് ലൈസന്‍സ് ഫീ ഒരാഴ്ചത്തേക്ക് അടയ്‌ക്കേണ്ടെന്നുമാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ തീരുമാനം. നിലവില്‍ തീയതി കിട്ടിയ എല്ലാവര്‍ക്കും ടെസ്റ്റ് നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം.ദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് യോഗത്തില്‍ കെബി ഗണേഷ് കുമാര്‍ പറഞ്ഞത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുമായി അഭിപ്രായഭിന്നതയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത് യോഗത്തില്‍ പങ്കെടുത്തില്ല. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറാണ് പകരം എത്തിയത്.

സാധാരണ 100 മുതല്‍ 180 പേര്‍ക്കാണ് ഒരു ദിവസം ടെസ്റ്റ്. ഇത് 50 ആയി ചുരുക്കുമ്പോള്‍ ആരെ ഒഴിവാക്കും, അതിന് എന്ത് മാനദണ്ഡം, ഒഴിവാക്കുന്നവര്‍ക്ക് പുതിയ തീയതി എങ്ങനെ നല്‍കുമെന്നുളള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരമില്ല. വ്യാഴാഴ്ച ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നിടത്ത് തര്‍ക്കത്തിന് സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ ടെസ്റ്റിന് ആറുമാസത്തോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്.

ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ വിസമ്മതിച്ചതാണ് നടപടി കടുപ്പിക്കാന്‍ ഇടയാക്കിയതെന്ന് അറിയുന്നു.മെയ് ഒന്ന് മുതല്‍ പുതിയ രീതിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നുള്ള ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു. പുതിയ ട്രാക്കില്‍ പരീക്ഷ നടത്തേണ്ടത് 30 പേര്‍ക്ക് മാത്രമാണ്. ട്രാക്ക് നിര്‍മ്മിക്കാനുള്ള ചെവല് ആര് വഹിക്കും, ടെസ്റ്റ് 30 ആയി ചുരുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവയില്‍ തീരുമാനമാകാതിരിക്കുമ്പോഴാണ് പുതിയ നിര്‍ദ്ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *