താമരശ്ശേരി: താമരശ്ശേരിയിൽ ആളില്ലാത്ത സമയം നോക്കി വീട്ടിൽ കവർച്ചക്കെത്തിയ മോഷ്ടാക്കൾക്ക് വിലപിടിപ്പുള്ള ഒന്നും കിട്ടാതെ വന്നപ്പോൾ ഒടുവിൽ വീട്ടിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച് മടങ്ങി.
താമരശ്ശേരി ചർച്ച് റോഡിലെ മുണ്ടപ്ലാക്കൽ വീട്ടിലാണ് രസകരമായ സംഭവം നടന്നത്. ഫ്രിഡ്ജിലുണ്ടായിരുന്ന ചോറും മീൻ കറിയും അച്ചാറും കഴിച്ചതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പാലെടുത്ത് ചായയിട്ട് കഴിച്ച ശേഷമാണ് മോഷ്ടാക്കൾ മടങ്ങിയത്.

ഭക്ഷണം കഴിച്ച ശേഷം തീൻമേശ വൃത്തിയാക്കാതെയാണ് മോഷണ സംഘം സ്ഥലം കാലിയാക്കിയത്. മൂന്ന് ഗ്ലാസുകളിലാണ് ചായ കുടിച്ചത്. മേശയ്ക് സമീപത്തുണ്ടായിരുന്ന രണ്ടു കസേരകൾക്ക് പുറമെ ഒരു കസേര കൂടി എടുത്തിട്ടാണ് ഭക്ഷണം കഴിച്ചിരുന്നത്. മൂന്ന് പേരാണ് മോഷണ സംഘത്തിലുണ്ടായിരുന്നതെന്നാണ് സംശയം. വീട്ടുകാർ ബന്ധു വീട്ടിൽ പോയ സമയത്താണ് മോഷ്ടാക്കളെത്തിയത്.

ചൊവാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നത്. അന്നേ ദിവസം അടച്ചിട്ട മറ്റു രണ്ടു വിടുകളിലും മോഷണം നടന്നെങ്കിലും ഒരു വീട്ടിൽ നിന്നാണ് പണം നഷ്ടമായത്. അലമാരയിൽ സൂക്ഷിച്ച 8000 രൂപയാണ് മോഷണം പോയത്. മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നു. മാടാരു കുളങ്ങര അഹമ്മദ്കുട്ടിയുടെ (ഇമ്പീച്ചി )വീടിന്റെ പിൻഭാഗത്ത് അടുക്കളയുടെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കിടന്നത്. വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടാക്കൾക്ക് കിട്ടിയില്ല. താമരശ്ശേരി പൊലിസ് അന്വേഷണം നടത്തിവരികയാണ്.













