ഭക്ഷണം കഴിച്ചു കൊണ്ട് നമുക്ക് വണ്ണം കുറയ്ക്കാം

തടി കൂടും എന്ന് പേടിച്ച് ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ഗുണത്തേക്കാള്‍ ഉപരി ദോഷമാണ് ശരീരത്തിന് ചെയ്യുക എന്ന് പലരും കാര്യമാക്കാറില്ല. ഭക്ഷണം കഴിക്കാതിരുന്നാല്‍ തടി കുറയുകയില്ല കൂടുക തന്നെയാണെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു.ഭക്ഷണത്തെ പേടിക്കാതെ, ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ നമുക്ക് വണ്ണം കുറയ്ക്കാം. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്ര കഴിച്ചാലും വണ്ണം വെയ്ക്കില്ല. സീറോ കലോറി ഭക്ഷണങ്ങള്‍ എന്നൊന്നില്ലെങ്കിലും, ശരീരഭാരം കൂടുമെന്ന ഭയമില്ലാതെ നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര കഴിക്കാന്‍ കഴിയുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍, മണിക്കൂറുകളോളം വയറു നിറയ്ക്കുന്നു എന്നതാണ് വസ്തുത.

വിശക്കുമ്പോള്‍ ഇവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുത്തു കഴിക്കൂ. നിങ്ങളുടെ വണ്ണം കൂടുകയില്ല, മറിച്ച് കുറയുകയേയുള്ളൂ. ഇനി വണ്ണത്തെയും ഭക്ഷണത്തെയും പേടിക്കേണ്ട. ഈ പറയുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മാത്രം മതി.

വേവിച്ച ഉരുളക്കിഴങ്ങ്

സാധാരണ ഡയറ്റ് പ്ലാനുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന ഒരാളാണ് ഉരുളക്കിഴങ്ങ്. ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റും അന്നജവുമുള്ള ഉരുളക്കിഴങ്ങുകള്‍ ‘തിന്നരുത്’ എന്ന പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്. എന്നാല്‍ വേവിച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യകരവും തടി കൂടാതിരിക്കാനുള്ള പോഷകസമൃദ്ധമായ ആഹാരവുമായിട്ടാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. അവ വളരെ പോഷകഗുണമുള്ളതും സംതൃപ്തി സൂചികയില്‍ ഒന്നാമതുമാണ്. ഈ ഭക്ഷണത്തിലെ പ്രതിരോധശേഷിയുള്ള അന്നജം ലയിക്കുന്ന നാരുകളായി പ്രവര്‍ത്തിക്കുകയും നിങ്ങളെ കൂടുതല്‍ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഉരുളക്കിഴങ്ങ് തണുപ്പിക്കുകയും വീണ്ടും ചൂടാക്കുകയും ചെയ്യുന്നത് അവയുടെ പ്രതിരോധശേഷിയുള്ള അന്നജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് വിശപ്പിനെ തന്നെ ഇല്ലാതാക്കും.

മുട്ടകള്‍

കഠിനമായ ഡയറ്റ് പ്ലാന്‍ പിന്തുടരുന്നവരുടെ പോലും ദിവസം ഒരു മുട്ട കഴിക്കണമെന്നാണ് പറയാറ്. പക്ഷേ പലര്‍ക്കും മുട്ടയെ പേടിയാണ് വണ്ണം കൂടിയാലോ. എന്നാല്‍ മുട്ടകള്‍ അവിശ്വസനീയമാംവിധം ആരോഗ്യകരവും ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വഹിക്കുന്നതുമാണ്. ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളിലൊന്നാണ് മുട്ട. വാസ്തവത്തില്‍, ഒരു മുട്ടയിലെ പ്രോട്ടീന്റെ പകുതിയും അതിന്റെ മഞ്ഞക്കരുവിലാണ്. പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്ന ആളുകളില്‍ ഒരു ദിവസം മുഴുവനും എടുക്കുന്ന കലോറിയെക്കാള്‍ കുറവാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കോട്ടേജ് ചീസ്

കോട്ടേജ് ചീസ് അഥവാ പനീര്‍ കാല്‍സ്യം, വിറ്റാമിന്‍ ബി, ഫോസ്ഫറസ് എന്നിവയ്ക്കൊപ്പം കലോറിയും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയതാണ്. സത്യത്തില്‍ പനീര്‍ , ചീസ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ പേടിയാകും. വണ്ണം വെയ്ക്കാന്‍ വേറെ വല്ലതും വേണോ ഇത് മാത്രം പോരെ എന്ന ചിന്താഗതി ആയിരിക്കും പലര്‍ക്കും. എന്നാല്‍ ഇത് തെറ്റിദ്ധാരണ മാത്രമാണ്. പനീര്‍ കഴിച്ചാല്‍ നിങ്ങളുടെ തടി കൂടുകയല്ല കുറയുകയാണ് ചെയ്യുക. കൂടുതല്‍ സമയം വിശക്കാതിരിക്കാനും വയറു നിറഞ്ഞതായി തോന്നാനും പനീര്‍ സഹായിക്കും.സംതൃപ്തി സൂചികയില്‍, പനീര്‍ മുട്ടയോളം ഉയര്‍ന്നതാണ്.

മത്സ്യം

നമ്മള്‍ മലയാളികളോട് മീനിന്റെ മഹാത്മ്യം ആരും പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. പൊരിച്ചു കഴിക്കാതിരുന്നാല്‍ മതി കറിവെച്ച് എത്ര വേണമെങ്കിലും കഴിച്ചോളൂ വണ്ണം കൂടില്ല. ഇനി കറിവെയ്ക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പൊള്ളിച്ചോ ഗ്രില്‍ ചെയ്‌തോ കഴിക്കാം. മത്സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു നേരം മത്സ്യം കഴിക്കുന്നവര്‍ അടുത്ത ഊണിന് കലോറി കുറഞ്ഞ് കഴിക്കുമെന്ന് കണ്ടെത്തി. കീറ്റോ ഡയറ്റ് പോലെയുള്ള അതിവേഗം വണ്ണം കുറയ്ക്കുന്ന ഡയറ്റ് പ്ലാനുകളില്‍ മുന്‍പന്തിയിലാണ് മീന്‍.

പോപ്‌കോണ്‍

ചുമ്മാ ടി വി കണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും കൊറിക്കണം എന്ന് തോന്നി വറുത്ത പലഹാരങ്ങള്‍ കഴിക്കുകയും വണ്ണം ക്രമാതീതമായി കൂടുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇനി അങ്ങനെ തോന്നുമ്പോള്‍ പോപ്‌കോണ്‍ കഴിച്ചോളൂ, നിങ്ങള്‍ക്ക് വണ്ണം വെയ്ക്കില്ല. മറ്റെല്ലാ ലഘുഭക്ഷണങ്ങളേക്കാളും കൂടുതല്‍ നാരുകള്‍ അടങ്ങിയ ഹോള്‍ഗ്രെയ്ന്‍ ഭക്ഷണപദാര്‍ത്ഥമാണ് പോപ്‌കോണ്‍. എയര്‍-പോപ്പ്ഡ് പോപ്കോണാണ് ഏറ്റവും ആരോഗ്യകരമായ ഇനം. കലോറി ഏറ്റവും കുറഞ്ഞത് ഇത്തരത്തിലുള്ള പോപ്‌കോണിലാണ്. മൈക്രോവേവ് ചെയ്ത പോപ്‌കോണ്‍ കഴിക്കരുത്.

സൂപ്പുകള്‍

സൂപ്പുകള്‍, ജ്യൂസുകള്‍ മുതലായവയെല്ലാം സാധാരണയായി ഖരഭക്ഷണങ്ങളേക്കാള്‍ എന്ന് ദഹിക്കുന്നവയാണല്ലോ. പക്ഷേ അത് തെറ്റാണെന്നും മറ്റ് ഖരഭക്ഷണങ്ങളെ അപേക്ഷിച്ച് സൂപ്പുകള്‍ക്ക് കൂടുതല്‍ വയറു നിറയ്ക്കാന്‍ കഴിയുമെന്ന് ഒരു ഗവേഷണം കാണിക്കുന്നു. സൂപ്പുകളുടെ പതിവ് ഉപഭോഗം നിങ്ങളുടെ വിശപ്പിനെ വളരെയധികം കുറയ്ക്കുകയും കാലക്രമേണ ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ക്രീം സൂപ്പുകള്‍ക്ക് പകരം ഗ്രേവി അടിസ്ഥാനമാക്കിയുള്ള സൂപ്പുകള്‍ തിരഞ്ഞെടുക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *