സമുദ്രത്തിരമാല പോലെ വേവ് റോക്ക്

വേവ് റോക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കടലിൽ നിന്ന് തിരമാല ഉയർന്നു നിൽക്കുന്നതുപോലെയാണ് ഇത് കാണാൻ. ഈ കാഴ്ച ആളുകളിൽ അത്ഭുതവും കൗതുകവും സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കാണാൻ നിരവധി പേർ ഇവിടേക്ക് എത്താറുണ്ട്. അറിയാം എന്താണ് വേവ് റോക്ക്? എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത്?

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെർത്തിൽ നിന്ന് 300 കിലോമീറ്റർ മാറിയാണ് വേവ് റോക്ക് സ്ഥിതി ചെയ്യുന്നത്. ഉയരമുള്ള സമുദ്ര തിരമാല പോലെ രൂപം കൊണ്ട പ്രകൃതിദത്ത പാറയാണ് “വേവ് റോക്ക്”. ഏകദേശം പതിനാല് മീറ്റർ ഉയരവും 110 മീറ്റർ നീളവുമാണ് ഈ റോക്കിനുള്ളത്. ശാസ്ത്രജ്ഞരെയും ജനങ്ങളെയും ഒരുപോലെ അത്ഭുതപെടുത്തുന്ന ഈ പാറയ്ക്ക് 2.7 ബില്യൺ വർഷം പഴക്കമുണ്ടെന്നാണ് കണക്കുകൾ.

ദശലക്ഷക്കണക്കിന് വർഷം കാറ്റും മഴയും കൊണ്ട് രൂപപ്പെട്ട ഗ്രാനൈറ്റ് ഇൻസെൽബെർഗാണ് വേവ് റോക്ക്. എന്നാൽ ഇത് തിരമാല രൂപത്തിലാവാൻ ആയിരക്കണക്കിന് വർഷങ്ങൾ എടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. പാറയിൽ കാണപ്പെടുന്ന മൾട്ടി സ്ട്രൈപ്പുകൾ പാറയ്ക്ക് ഗ്രേ, ചുവപ്പ്, മഞ്ഞ തുടങ്ങിയ വർണങ്ങൾ നൽകുന്നു. നൂറ്റാണ്ടുകൾ നീണ്ട പാറയിൽ നടക്കുന്ന ധാതുക്കളുടെയും മറ്റും രാസപ്രവർത്തനമാണ് ഈ നിറങ്ങൾക്ക് പിന്നിൽ.

ഓസ്‌ട്രേലിയയിലെ പ്രാദേശികരുടെ ഇടയിൽ മഴവില്ല് സർപ്പമെന്ന ഒരു ദൈവ സങ്കൽപം ഉണ്ട്. ഈ ദൈവമാണ് ജീവൻ നൽകുന്നതും പ്രകൃതിയെ സൃഷ്ടിക്കുന്നതും നശിപ്പിക്കുന്നതും. അതുകൊണ്ട് തന്നെ റെയിൻബോ സർപ്പമാണ് വേവ് റോക്ക് സൃഷ്ടിച്ചതെന്ന് ഇവുടത്തുകാർക്കിടയിൽ വിശ്വാസമുണ്ട്. 1960 ൽ വരെ ഈ പാറയ്ക്ക് ഇംഗ്ലീഷിൽ ഒരു പേരിലായിരുന്നു.

1964 ൽ ന്യൂയോർക്കിലെ ലോകമേളയിൽ ജെയിംസ് ഹോഡ്ജസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ വേവ് റോക്കിന്റെ ചിത്രം വന്നതോടു കൂടിയാണ് കഥ മാറിയത്. പിന്നീട് ആ ഫോട്ടോ പ്രശസ്ത മാഗസിൻ ആയ നാഷണൽ ജിയോഗ്രാഫിക്കിലും വന്നു. ഇതോടെ വേവ് റോക്ക് പ്രസിദ്ധമാകുകയും ഇത് തേടി നിരവധി സഞ്ചാരികൾ എത്താനും തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *