
വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. അഭിനന്ദനത്തോടൊപ്പം വിചിത്രമായ ഒരു ഉപദേശം കൂടിയാണ് ചിത്രത്തിന്റെ ടീമിന് അദ്ദേഹം നല്‍കിയത്.ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ പ്രതികരണം.
ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍മ്മാതാവായ വിപുല്‍ ഷായേയും മറ്റ് പ്രവര്‍ത്തകരെയും ഇദ്ദേഹം അഭിനന്ദിച്ചു. ഒപ്പം ഇവരുടെ ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാകില്ലെന്നും വിവേക് അഗ്നിഹോത്രി മുന്നറിയിപ്പ് നല്‍കി.

” പ്രിയപ്പെട്ട വിപുല്‍ ഷായ്ക്കും സുദീപ്‌തോ സെന്നിനും ദി കേരള സ്റ്റോറിയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. എന്നാല്‍ അശുഭമായ മറ്റൊരു കാര്യം കൂടി നിങ്ങളെ ഈ നിമിഷത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ്. നിങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയത് പോലെയാകില്ല. നിങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത വിദ്വേഷത്തിന് നിങ്ങള്‍ പാത്രമാകും. പല സമയത്തും നിങ്ങള്‍ക്ക് ആശങ്ക തോന്നിയേക്കാം. എന്നാല്‍ ഓര്‍ക്കുക ഭാരം താങ്ങാന്‍ നിങ്ങളുടെ ചുമലുകള്‍ക്ക് ശക്തിയുണ്ടോയെന്ന് ദൈവം പരീക്ഷിക്കുന്നതാണിത്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
ധര്‍മ്മത്തെ പ്രചരിപ്പിക്കാന്‍ നിങ്ങള്‍ തെരഞ്ഞെടുത്ത മാധ്യമമാണ് സിനിമ എങ്കില്‍ ആ തീരുമാനത്തില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകരുത്. ഇന്ത്യയിലെ കഥാകൃത്തുക്കളെ വളര്‍ത്താന്‍ പരിശ്രമിക്കൂ. കഴിവുള്ള യുവാക്കളെ ഈ മേഖലയിലേക്ക് കടന്നുവരാന്‍ സഹായിക്കൂ. ഈ ഇന്‍ഡിക് നവോത്ഥാനം ഭാരതത്തിന്റെ വഴികാട്ടിയായി മാറട്ടേ,’ വിവേക് അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു.
