ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.ഇരു ടീമുകള്‍ക്കും 10 പോയിന്‍്റ് വീതമുള്ളതിനാല്‍ ഇന്ന് ആരു ജയിച്ചാലും ആ ടീം പോയിന്‍്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തും. അതുകൊണ്ട് തന്നെ ടൂര്‍ണമെന്‍്റിലെ തന്നെ ഏറ്റവും നിര്‍ണായക മത്സരമാണ് ഇത്.

മുംബൈ സാവധാനത്തില്‍ പഴയ പ്രതാപത്തിലേക്കെത്തുന്നുണ്ടെങ്കിലും ഇനിയും അടയ്ക്കാനാവാത്ത പഴുതുകളുണ്ട്. രോഹിത് ശര്‍മയുടെയും ഇഷാന്‍ കിഷന്‍്റെയും മോശം ഫോം, ദുര്‍ബലമായ ബൗളിംഗ് നിര, പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ ആര്‍ച്ചറിന്‍്റെ മോശം പ്രകടനം എന്നിങ്ങനെ മാനേജ്മെന്‍്റിനു തലവേദനയാകുന്ന പല കാര്യങ്ങള്‍. ഓപ്പണിംഗില്‍ തിളങ്ങാത്തതിനാല്‍ രോഹിത് കഴിഞ്ഞ കളിയില്‍ മൂന്നാം നമ്ബറിലാണ് ഇറങ്ങിയത്. മോശമാക്കിയില്ല, ഡക്കാവാന്‍ 3 പന്തുകളെടുത്തു.

സ്വിങ്ങ് എന്ന് എഴുതിക്കാണിച്ചാല്‍ കുറേ പന്തുകള്‍ വേസ്റ്റ് ആക്കിയിട്ട് ഒടുവില്‍ ഔട്ടാവുന്ന കിഷനില്‍ വീണ്ടും വീണ്ടും മുംബൈ മാനേജ്മെന്‍്റ് വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ കഴിയുന്നേയില്ല. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, നേഹല്‍ വധേര, ഒരു പരിധി വരെ കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് മുംബൈ ബാറ്റിംഗിന്‍്റെ കരുത്ത്. കഴിഞ്ഞ കളി പരുക്കേറ്റ് പുറത്തിരുന്ന തിലക് ടീമില്‍ മടങ്ങിയെത്തിയേക്കും. അര്‍ഷദ് ഖാനെ പുറത്തിരുത്തി സന്ദീപ് വാര്യര്‍ കളിച്ചേക്കാനും ഇടയുണ്ട്.പറഞ്ഞുപഴകിയ കാര്യങ്ങള്‍ തന്നെയാണ് ബാംഗ്ലൂരിന്‍്റെ പ്രശ്നം. ആദ്യ മൂന്ന് നമ്ബറിലെ താരങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ബാറ്റിംഗ് നിര ഫ്രീ വിക്കറ്റാണ്. കഴിഞ്ഞ കളി മഹിപാല്‍ ലോംറോര്‍ നേടിയ ഫിഫ്റ്റി ഇതിനൊരു അപവാദമാണ്.

സീസണില്‍, ആര്‍സിബിയുടെ ആദ്യ മൂന്ന് താരങ്ങളല്ലാതെ ഫിഫ്റ്റി നേടുന്ന ഒരേയൊരു താരമാണ് ലോംറോര്‍. വിരാട് കോലിയുടെ ആങ്കറിംഗ് ടീമിന് വലിയ ഗുണമാവുന്നില്ല. കേദാര്‍ ജാദവ് എത്തുമെന്നതിനാല്‍ മധ്യനിര ശക്തമായേക്കും. മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ് എന്നിവരടങ്ങിയ പേസ് ആക്രമണം മൂര്‍ച്ചയുള്ളതാണ്. വനിന്ദു ഹസരങ്ക ഇതുവരെ പഴയ ഫോമിലെത്തിയിട്ടില്ല. ഹര്‍ഷല്‍ പട്ടേല്‍ ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് എന്ന ടാഗും പേറി തല്ലുവാങ്ങി ജീവിക്കുന്നു. ടീമില്‍ മാറ്റമുണ്ടാവില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *