വിലങ്ങാട് ഉരുള്‍പൊട്ടി ഒരാളെ കാണാതായി; 13 വീടുകള്‍ ഒലിച്ചുപോയി

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ പെട്ട വിലങ്ങാട് മഞ്ഞക്കുന്ന് ഭാഗത്തുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. 63കാരനായ മാത്യു എന്നയാളെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇദ്ദേഹം, ഉരുള്‍പൊട്ടലില്‍ പെടുകയായിരുന്നു. ഇദ്ദേഹത്തിനായി എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ തെരച്ചില്‍ നടത്തി. രാത്രി കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രാവിലെ വീണ്ടും തുടരും.

ഞായറാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് വിലങ്ങാട് ഉരുള്‍ പൊട്ടലുണ്ടായത്. പാറക്കല്ലുകള്‍ ഉരുണ്ടുവരുന്ന ശബ്ദം കേട്ട പ്രദേശത്തെ 13 കുടുംബങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ വീടുകളില്‍ നിന്ന് ഇറങ്ങിയ ഉടനെ പാറക്കല്ലുകളും മണ്ണുമായെത്തിയ മലവെള്ളത്തില്‍ 13 വീടുകളും കടകളും പൂര്‍ണമായും ഒലിച്ചുപോയി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ രക്ഷാപ്രവര്‍ത്തകനായി എത്തിയതായിരുന്നു മാത്യു. അവിടെയുണ്ടായിരുന്ന കടയുടെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹം ഇരുള്‍പൊട്ടലില്‍ പെടുകയായിരുന്നു. അദ്ദേഹം നിന്ന കടയും അപ്പാടെ ഒലിച്ചുപോയി.

ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയതിനെ തുടര്‍ന്ന് 15 കുടുംബങ്ങള്‍ മലയോര ഭാഗത്ത് ഒറ്റപ്പെട്ടു കഴിയുകയാണ്. ഇവിടെയുള്ള പാരിഷ് ഹാളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലാണ് ഇവരിപ്പോള്‍ കഴിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരുടെ സഹായത്തിനായി അക്കരെ എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ വൈദ്യുതി പോസ്റ്റുകള്‍ കടപുഴകിയതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ക്യാംപുകളില്‍ ഉള്‍പ്പെടെ ജനറേറ്റര്‍ സംവിധാനം എത്തിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളും രക്ഷാ പ്രവര്‍ത്തകര്‍ എത്തിച്ചുനല്‍കി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. പാരിഷ് ഹാളിലെ ക്യാംപിലുള്ള 200 പേര്‍ക്കു പുറമെ, വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്എസ്എസ്, അടുപ്പില്‍ കോളനി, പാലൂര്‍ എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലായി 510 പേരെ കൂടി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ജില്ലയിലെ കൈതപ്പൊയില്‍ – ആനോറമ്മല്‍ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ 80 മീറ്ററോളം റോഡ് മണ്ണിനടയിലായി. ഇവിടെ നിന്ന് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുറ്റ്യാടി- മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി. കുന്ന്യോര്‍മല ഭാഗത്ത് ദേശീയപാതയ്ക്കു ഇരുവശവും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ആകെ 56 ക്യാംപുകളിലായി 2869 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാംപുകള്‍:

കോഴിക്കോട് താലൂക്ക്- 18 (1076 പേര്‍)
വടകര താലൂക്ക്- 13 (849 പേര്‍)
കൊയിലാണ്ടി താലൂക്ക് 10 (319 പേര്‍)
താമരശ്ശേരി താലൂക്ക് – 15 (625 പേര്‍).

Spread the love

Leave a Reply

Your email address will not be published. Required fields are marked *