‘വെര്‍ട്ടിബ്രല്‍ ബോഡി സ്റ്റെന്റിങ്’ വിജയകരം; 78-കാരിയായ മാല്‍ദ്വീപ് സ്വദേശിനി വീണ്ടും നടന്നു തുടങ്ങി!

തിരുവനന്തപുരം: നട്ടെല്ലിനെ ബാധിക്കുന്ന അസ്ഥിക്ഷയത്തിന് (ഓസ്റ്റിയോപൊറോസിസ്) നൂതന ‘വെര്‍ട്ടിബ്രല്‍ ബോഡി സ്റ്റെന്റിങ്’ പ്രൊസീജിയര്‍ വിജയകരമാക്കി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. 78കാരിയായ മാല്‍ദ്വീപ് സ്വദേശിനിയുടെ നട്ടെല്ലിലെ ഒടിവാണ് നൂതന ചികിത്സയിലൂടെ ഭേദമാക്കിയത്.

അസ്ഥിക്ഷയം മൂലം നട്ടെല്ലിലുണ്ടാകുന്ന ഒടിവ് ചികിത്സിക്കുന്നതിനുള്ള ആധുനിക ശസ്ത്രക്രിയാ രീതിയാണ് വെര്‍ട്ടെബ്രല്‍ ബോഡി സ്റ്റെന്റിങ്. എക്‌സ്-റേയുടെ സഹായത്തോടെ, കീഹോള്‍ വഴി ഒടിവുണ്ടായ ഭാഗത്ത് ഒരു വെര്‍ട്ടെബ്രല്‍ ബോഡി സ്റ്റെന്റ് സ്ഥാപിക്കുന്നു. തുടര്‍ന്ന്, സ്റ്റെന്റിനുള്ളിലെ ബലൂണ്‍ വികസിപ്പിച്ച് വെര്‍ട്ടിബ്രയുടെ ആന്തരിക ഭിത്തികളില്‍ നിറയ്ക്കുകയും നട്ടെല്ലിനുള്ളില്‍ ഒരു സംരക്ഷണ കവചം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിലൂടെ നട്ടെലിന്റെ സ്ഥിരത മെച്ചപ്പെടുകയും മറ്റ് സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നു.

സമീപകാലത്തായി സ്പൈനല്‍ ശസ്ത്രക്രിയാരംഗത്തുണ്ടായിരിക്കുന്ന വളര്‍ച്ചയെ പ്രതിനിധീകരിക്കുന്ന പുരോഗതിയാണിതെന്നും ഈ പുതിയ സാങ്കേതികവിദ്യ നട്ടെല്ലിന് സ്ഥിരതയും വിന്യാസവും നല്‍കുകയും ഞരമ്പുകളെ സംരക്ഷിക്കുകയും ചെയ്യുമെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കൺസൽട്ടൻറ് ഓർത്തോപീഡിക് സ്പൈൻ സർജ്ജൻ ഡോ. രഞ്ജിത് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 70 വയസ്സിന് മുകളിലുള്ള സ്ത്രീകളില്‍ 39 ശതമാനത്തിലധികം പേരും ഓസ്റ്റിയോപൊറോസിസ് ബാധിതരാണ്. ഈ ആധുനിക രീതിയിലൂടെ ഇത്തരം രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. അനസ്തേഷ്യ വിഭാഗം കൺസൽട്ടന്റ് ഡോ. ജി ഗോപനും പ്രൊസീജിയറിന്റെ ഭാഗമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *