കോഴിക്കോട്: നാഥ് മൂവി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ എ സി സുധിന്ദ്രനാഥ് നിര്‍മ്മിക്കുന്ന വെള്ളക്കുപ്പായം എന്ന ചിത്രത്തിന്റെ പൂജ കോഴിക്കോട് ഹോട്ടല്‍ ഗ്രാന്റ് മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫിയാഫി വൈസ് പ്രസിഡന്റ് പി.വി.ഗംഗാധരന്‍ മുഖ്യ അതിഥിയായിരുന്നു. ഭോപ്പാല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സംവിധാനത്തിലും സിനിമാട്ടോഗ്രാഫിയിലും ഡിപ്ലോമ നേടിയ നവാഗതനായ റമീസ് നന്തിയാണ് സംവിധാനം. രണ്ട് നായകന്‍മാരും മൂന്ന് നായികമാരും മുഖ്യകഥാപാത്രമാകുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥ പറയുന്നു. മലബാറിന്റെ തനിമയാര്‍ന്ന ഭാഷാചാതുരിയില്‍ വിരിയുന്ന ആര്‍ദ്രമായ ഒരു പ്രണയം. യൗവ്വനം ആഘോഷമാക്കിയ കാലഘട്ടത്തിന്റെ കഥയാണ്. സംവിധായകന്റെ കഥയ്ക്ക് പ്രജീഷ് കോട്ടയ്ക്കല്‍ തിരക്കഥ എഴുതുന്നു. സംഗീതം ഫിറോസ് ബോളിവുഡ് താരം മധുര മുഞ്ചല്‍, കന്നഡതാരം കീര്‍ത്തന എന്നിവരാണ് നായികമാരാകുന്നത്. ഈ ചിത്രത്തിലെ നായകന്‍- തുപ്പാക്കി എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ച നിവാസ് ബാബുവാണ്. കൂടാതെ സലിം കുമാര്‍, നീനാകുറുപ്പ് അബുസലീം, കനകലത തുടങ്ങിയ പ്രമുഖതാരങ്ങളോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായി മെയ് ആദ്യവാരം ചിത്രീകരണമാരംഭിക്കും.
FLASHNEWS