തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് രാജകുടുംബത്തില്‍പ്പെട്ടവര്‍ സ്വര്‍ണ്ണം കടത്തുന്നതായി രണ്ടര വര്‍ഷം മുന്‍പ് താന്‍ ആരോപണം ഉന്നയിച്ചെങ്കിലും രാജകൊട്ടാരത്തിന്റെ സ്വാധീനം ഭയന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അന്ന് എല്ലാവരും തന്നെ കുറ്റപ്പെടുത്തി. ക്ഷേത്രത്തില്‍ നിന്നും പായസം കൊണ്ടുപോകുന്ന പാത്രത്തില്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോകുന്നുവെന്നാണ് അന്ന് താന്‍ പറഞ്ഞത്.
വ്യക്തമായ തെളിവുകളും സാക്ഷിമൊഴുകളും ഉണ്ടായിട്ടാണ് താന്‍ അന്ന് ആരോപണം ഉന്നയിച്ചത്. ഇന്നത് സത്യമാണെന്ന് തെളിയുകയും ചെയ്തു. ക്ഷേത്രത്തിന്റെ സ്വത്ത് കൊള്ളയടിച്ച രാജകുടുംബാഗംങ്ങളും ഇതിന് ഒത്താശ ചെയ്ത സംസ്ഥാന സര്‍ക്കാരും ഒരേപോലെ പ്രതികളാണെന്നും വി എസ് വ്യക്തമാക്കി. സുപ്രിംകോടതി നിയോഗിച്ച തന്റെ അന്നത്തെ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഒരു മാസത്തിലേറെ നീണ്ട വിശദമായ പരിശോധനയും അന്വേഷണവും തെളിവെടുപ്പും നടത്തിയതിനുശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സ്വര്‍ണ്ണം കടത്തുന്നതില്‍ രാജകുടുംബത്തിനു സര്‍ക്കാരുമായുള്ള അവിശുദ്ധബന്ധം സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും കള്ളക്കളി പുറത്തുകൊണ്ടുവന്ന അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെ താന്‍ അഭിനന്ദിക്കുന്നതായും വി എസ് പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം അടക്കമുള്ള ക്ഷേത്ര സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും രാജകുടുംബത്തിനുമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ദേവസ്വം മന്ത്രി വി എസ് ശിവകുമാറും മറുപടി പറയണമെന്നും വിശ്വാസികളെ കബളിപ്പിച്ചതിന് അവരോട് മാപ്പ് പറയാനും ഇരുവരും തയ്യാറാകണം.
പത്മതീര്‍ത്ഥകുളത്തില്‍ ഓട്ടോഡ്രൈവര്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവം, സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോകുന്നത് കാണാനിടയായ ഒരാളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം, ക്ഷേത്ര ജീവനക്കാരില്‍ ചിലര്‍ക്കുനേരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും രാജകുടുംബത്തെഭയന്ന് അന്വേഷം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് അപകടകരമാണെന്ന് ദേവപ്രശ്‌നത്തിന്റെ പേരില്‍ രാജകുടുംബം പ്രചരണം നടത്തുന്നതിന് സര്‍ക്കാര്‍ കൂട്ടുനിന്നു. എന്നാല്‍ ബി നിലവറ പലതവണ തുറന്നിട്ടുള്ളതായും അവിടെനിന്ന് സ്വര്‍ണ്ണ ഉരുപ്പടികള്‍ കടത്തിക്കൊണ്ടുപോയെന്നും നിലവറയുടെയും സ്വര്‍ണ്ണാഭരണങ്ങളുടെയും ഫോട്ടോ എടുത്തതായും അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജനങ്ങള്‍ കാണിക്കയായും സംഭാവനയായും നല്‍കിയ സ്വത്ത് വിശ്വാസത്തിന്റെ പുകമറ സൃഷ്ടിച്ച് രാജകുടുംബം കടത്തിക്കൊണ്ടുപോയതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
FLASHNEWS