കാസര്‍കോട് : ജില്ലാ നേതൃയോഗത്തില്‍ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ എണ്ണമെടുത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മണ്ഡലം പ്രസിഡന്റുമാരില്‍ ഭൂരിഭാഗം പേരും യോഗത്തിനെത്തിയില്ല. ബ്ലോക്ക് പ്രസിഡന്റുമാരില്‍ മൂന്നുപേരുടെ അഭാവവുമാണ് പ്രതിപക്ഷനേതാവിനെ ചൊടിപ്പിച്ചത്.ഇത് ശരിയല്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് വിശ്വസിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോള്‍ തിരഞ്ഞെടുത്തതല്ലേയുള്ളൂ ആരംഭശൂരത്വമെങ്കിലും കാണിക്കണ്ടേ എന്ന് പറഞ്ഞ അദ്ദേഹം യോഗത്തിനെത്താത്തവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു.വേണമെങ്കില്‍ മാറ്റാം. നമ്മളെ സംബന്ധിച്ച് തിരഞ്ഞെടുക്കാനല്ലേ പ്രശ്നമുള്ളൂവെന്നും, വന്നവരോട് സന്തോഷം പങ്കുവെക്കുന്നതായും അദ്ദേഹം പറഞ്ഞു.കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും നയിക്കുന്ന സമരാഗ്‌നി സംസ്ഥാന ജാഥയുടെ ഭാഗമായിട്ടായിരുന്നു നേതൃയോഗം ചേര്‍ന്നത്.
നിലവില്‍ ചേര്‍ന്ന ബൂത്ത് കമ്മിറ്റികളുടെ വിവരങ്ങളുള്‍പ്പെടെ വിശദീകരിച്ച് കൊണ്ടാണ് നേതാക്കള്‍ സംസാരിച്ചത്. നേരത്തെ തന്നെ എല്ലായിടത്തെയും പ്രശ്നങ്ങള്‍ പരിഹരിക്കും. സ്ഥാനാര്‍ഥികള്‍ നേരിട്ട് ജനങ്ങളിലേക്കിറങ്ങിയാല്‍ മതി. അടുത്ത രണ്ടരവര്‍ഷം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത് ഒരു തരത്തില്‍ പുതിയ ഭാരവാഹികളുടെ പെര്‍ഫോര്‍മന്‍സ് ഓഡിറ്റാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പണിയെടുത്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.