40 ഓളം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് പതിനാലായിരം കോടി പിഴ വിധിച്ച് യുഎസ് കോടതി. പരാതിക്കാരായ 40 സ്ത്രീകള്‍ക്ക് 1.68 ബില്യണ്‍ ഡോളര്‍ (പതിനാലായിരം കോടി) നഷ്ടപരിഹാരം നല്‍കാനാണ് ന്യൂയോര്‍ക്ക് ജൂറി ശിക്ഷ വിധിച്ചത്.35 വര്‍ഷത്തിനിടെ 40 ഓളം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ജയിംസ് ടൊബാക്കിനെതിരായ കേസ്. ലൈംഗികാതിക്രമത്തിന് പുറമേ, അന്യായമായി തടവില്‍ വയ്ക്കല്‍, മാനസിക പീഡനം എന്നീ വകുപ്പുകളും ടൊബാക്കിനെതിരെ ചുമത്തിയിരുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു എന്നാണ് കേസ്.തന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാനും സ്വയംഭോഗം ചെയ്യാനും നിര്‍ബന്ധിക്കുന്ന ടൊബാക്, ഇത് ജോലിയുടെ ഭാഗമാണെന്ന് ഇരകളോട് പറയുമായിരുന്നു. ടൊബാകിന്റെ ആവശ്യം നിരസിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ തടഞ്ഞ് ലൈംഗികവൈകൃതം പ്രകടിപ്പിക്കും. എതിര്‍പ്പ് മറികടന്ന് യുവതികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്യും.














