മലപ്പുറത്തെ വിദ്യാഭ്യാസ സ്റ്റാർട്ടപ്പിനെ പ്രകീർത്തിച്ചു കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ

മലപ്പുറം: അരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ‘ഇന്റെർവെലിനെ” പ്രകീർത്തിച്ചു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിൽ ആരംഭിച്ച സ്റ്റാർട്ടപ്പായ ഇന്റർവെൽ യൂറോപ്പിലെ ഫിൻലൻഡ്‌ സർക്കാരിന്റെ ക്ഷണത്തോടെ അവരുടെ ടാലന്റ് ബൂസ്റ്റ് പ്രോജക്റ്റിൽ പങ്കെടുത്തതിനെ പരാമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ അഭിനന്ദനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വെച്ച് നടന്ന ഒരു സ്വകാര്യ സംരംഭക പരിപാടിയിലാണ് മന്ത്രി ഇത് പറഞ്ഞത്. ‘ഇന്റർവെൽ’ എന്ന ഈ സ്റ്റാർട്ടപ്പിന്റെ നേട്ടം കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചക്ക് അടിവരയിടുന്നതാണെന്നും മന്ത്രി പറഞ്ഞു.

ആഗോളതലത്തിൽ എഡ്യൂടെക് മേഖലയിൽ അമേരിക്കയ്ക്ക് പിന്നിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നും, നിലവിലെ 6 ബില്യൺ ഡോളർ എന്ന വരുമാനത്തിൽ നിന്നും 2025 ഓടെ $10 ബില്യനിൽ ഈ മേഖല ഇന്ത്യയിൽ നേട്ടം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ പരാമർശം ‘ഇന്റർവെൽ’ എന്ന സ്ഥാപനത്തെ കൂടുതൽ ആൾക്കാരിലെത്തിക്കാൻ സഹായിക്കുന്നതാണെന്ന് ഇന്റർവെൽ സിഇഒയും സഹസ്ഥാപകനുമായ ഒ കെ സനാഫിർ പറഞ്ഞു. കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ തുടങ്ങിയ ഈ സംരംഭത്തെ മനസ്സിലാക്കാൻ കാണിച്ച ശ്രദ്ധ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിൻലൻഡിൽ നിന്നുള്ള പ്രത്യേക ക്ഷണത്തെത്തുടർന്ന് ഇന്റർവെലിന്റെ യൂറോപ്യൻ ആസ്ഥാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഫിന്നിഷ് ഉദ്യോഗസ്ഥരുമായി അവസാനവട്ട ചർച്ചക്കായി ഇന്റർവ്യൂവിന്റെ ഒരു സംഘം ഫിൻലണ്ടിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

2021 ൽ ഒ.കെ സനാഫിറിനൊപ്പം റമീസ് അലി, ഷിബിലി അമീൻ അസ്‌ലഹ് തടത്തിൽ, നാജിം ഇല്ല്യാസ് എന്നിവർ ചേർന്നാണ് ഇന്റർവെൽ എന്ന ആശയം നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകണമെന്ന ലക്‌ഷ്യം വെച്ചാണ് ഇന്റെർവെലിന്റെ ആരംഭം. ഇന്റർവെലിനെ പരമ്പരാഗത എഡ്‌ടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ വ്യതിരിക്തമായ വൺ-ടു-വൺ ലൈവ് ട്യൂട്ടറിംഗ് മോഡലാണ്. ഈ സവിശേഷ സംവിധാനത്തിൽ, ഓരോ പഠിതാവിനും വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കിക്കൊണ്ട് അധ്യാപകർ വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകൾ നൽകുന്നു. വ്യക്തിഗത പഠനത്തോടുള്ള ഈ പ്രതിബദ്ധതയാണ് ഇന്റർവെലിനെ വിദ്യാഭ്യാസ വ്യവസായത്തിലെ ഒരു ശക്തിയായി മാറാൻ സഹായിച്ചിട്ടുള്ളത്.

ഇന്റർവെൽ എഡുവിന്റെ വിജയം അതിന്റെ അധ്യാപന മാതൃകയിൽ മാത്രം ഒതുങ്ങുന്നില്ല. 4,000-ലധികം അധ്യാപകരുടെ ശക്തമായ നിര തന്നെ ഇതിനു പിന്നിലുണ്ട്. ഇതിൽ 97 ശതമാനവും സ്ത്രീകളാണ്. പഠനശേഷം അധ്യാപകരാകാൻ സാധിക്കാതെ വരുന്ന ധാരാളം വീട്ടമ്മമാരായ അധ്യാപകരാണ് ഇന്റർവെലിന്റെ ശക്തി. കൂടാതെ 250-ലധികം തൊഴിലാളികളും കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നു. ഈ പ്ലാറ്റ്ഫോം നിലവിൽ 30 രാജ്യങ്ങളിലായി 25,000-ത്തിലധികം വിദ്യാർത്ഥികൾക്ക് സേവനം നൽകി വരുന്നു.

സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷമാണ് നിലവിൽ കേരളത്തിൽ. ആഗോള കമ്പനികൾ അവരുടെ ആഗോള ശേഷി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നഗര ഗ്രാമ വ്യതാസമില്ലാതെ കേരളത്തെ നോക്കി കാണുന്നുണ്ടെന്നും മന്ത്രി പരാമർശിച്ചിരുന്നു. കേരളത്തെ ലോകം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വ്യത്യസ്തമായ ആശയവുമായി നമ്മൾ എവിടെ നിന്ന് തുടങ്ങിയാലും നിലവിൽ അത് ലോകശ്രദ്ധ നേടാൻ കഴിയുന്ന തരത്തിൽ നമ്മുടെ സ്റ്റാർട്ടപ്പ് ആവാസ് വ്യവസ്ഥ വളർന്നിട്ടുണ്ടെന്നും സനാഫിർ പറയുന്നു. അതിന് മികച്ച ഉദാഹരണമാണ് അസാപ് കേരളയുടെ അധീനതയിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ കൊല്ലം കുളക്കടയിലേക്ക് ഒരു അമേരിക്കൻ കമ്പനി അവരുടെ ഓഫീസ് തുടങ്ങാൻ മുന്നോട്ട് വന്നിട്ടുള്ളത്. ഗ്രാമങ്ങളെന്നതല്ല മറിച്ചു ആശയങ്ങൾ പ്രവർത്തിമാക്കുന്നതിനുള്ള ഇഛാശക്തിയാണ് നമ്മളെ ലോകത്തിന് നെറുകയിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസമാണ് അരീക്കോടുള്ള അഞ്ചു നിലയിലുള്ള പുതിയ കെട്ടിടത്തിലേക്ക് ‘ഇന്റർവെൽ’ തങ്ങളുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. അതിലും ഒരു വ്യത്യസ്ത കൊണ്ട് വരാൻ ഈ ചെറുപ്പക്കാർ ശ്രമിച്ചിരുന്നു. തങ്ങളുടെ തന്നെ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും ഒത്ത് ചേർന്നാണ് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *