ദില്ലി: കടല്‍ക്കൊല കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ഉന്നയിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ജോണ്‍ ആഷ് അറിയിച്ചു. നാളെ വിദേശകാര്യ മന്ത്രി സല്‍മാന് ഖുര്‍ഷിദുമായും ജോണ്‍ ആഷ് കൂടിക്കാഴ്ച നടത്തും. ജോണ്‍ ആഷ് ഇന്ന് ഇന്ത്യയിലെത്തും.
കടല്‍കൊല കേസില്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച് ഇറ്റലിയന്‍ ആഭ്യന്തര മന്ത്രി എയ്ഞ്ജലീനോ അല്‍ഫാനോ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഐക്യരാഷ്ട്ര പൊതുസഭാ പ്രസിഡന്റ് ജോണ്‍ ആഷിയെയും അല്‍ഫാനോ കണ്ടു. നാവികരെ വിട്ടയക്കുക അല്ലെങ്കില്‍, നാവികരുടെ വിചാരണ ഇറ്റലിയില്‍ നടത്താന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറ്റലി മുന്നോട്ടുവെച്ചത്.