മുൻ ഡി.സി.സി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ നിര്യാതനായി

കൊയിലാണ്ടി: യു. രാജീവൻ മാസ്റ്റർ നിര്യാതനായി. മുൻ കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ടും കൊയിലാണ്ടി നഗരസഭ കൗൺസിലറും സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഉണിത്രാട്ടില്‍ യു. രാജീവൻ മാസ്റ്റർ നിര്യാതനായി. (67) വയസ്സായിരുന്നു. കെ.പി.സി.സി. അംഗമാണ്. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഉണിത്രാട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര (മുന്‍ അധ്യാപിക-കൊയിലാണ്ടി കൊല്ലം ഗവ. മാപ്പിള സ്‌കൂള്‍). മക്കള്‍: രജീന്ദ് (സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍), ഇന്ദുജ (ആയുര്‍വേദ ഡോക്ടര്‍). കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍പി സ്‌കൂളില്‍ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാവുകയായിരുന്നു.

ഡിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കവെയാണ് പ്രസിഡന്റ് പദവിയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം, കോണ്‍ഗ്രസ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ചെയര്‍മാന്‍, കൊയിലാണ്ടി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. മൂന്നുതവണ വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച് യുഡിഎഫിന് അട്ടിമറി വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *