ചൈനയില്‍ അജ്ഞാത സംഘം 28പേരെ കൊന്നു

kunming railway station-xinhuaബീജിങ്: ചൈനയില്‍ അജ്ഞാത സംഘം റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ ആക്രമണത്തില്‍ 28 പേര്‍ മരിച്ചു. 113 പേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ നാലു പേരെ പൊലീസ് വെടിവച്ചു കൊന്നു. ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ  യുനാന്‍ പ്രവിശ്യയിലെ കുന്‍മിങ് റെയില്‍വേ സ്‌റ്റേഷനില്‍ പ്രാദേശിക സമയം രാത്രി ഒമ്പതു മണിയോടെയായിരുന്നു ആക്രമണം നടന്നത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ അക്രമി സംഘം മുന്നില്‍ കണ്ടവരെയെല്ലാം കത്തിയുമായി ആക്രമിക്കുകയായിരുന്നു. സ്‌റ്റേഷനിലുണ്ടായിരുന്നവരുടെ കഴുത്ത് അക്രമികള്‍ നിഷ്‌കരുണം അറുക്കുന്നത് നേരില്‍കണ്ടവര്‍ ഭീതിയോടെയാണ് സംഭവം വിവരിച്ചത്.
റെയില്‍വേ സ്‌റ്റേഷനില്‍ മൃതദേഹങ്ങളും രക്തവും തളം കെട്ടി കിടക്കുന്ന ദൃശ്യങ്ങളും ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആസൂത്രണം ചെയ്ത ‘ഭീകരാക്രമണ’മാണ് നടന്നതെന്ന് അധികൃതരെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

Sharing is Caring