താലിബാനുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ ജീവരക്ഷാര്‍ത്ഥം സൈനികര്‍ അതിര്‍ത്തി കടന്നു.

അഫ്ഗാനിസ്താനില്‍ സൈനികരും താലിബാന്‍ ഭീകര സംഘടനയുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ രാജ്യം വിട്ട് ആയിരത്തോളം സൈനികര്‍. അയല്‍രാജ്യമായ തജികിസ്താനിലേക്കാണ് സൈനികര്‍ രക്ഷപ്പെട്ടത്. താലിബാനുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ ജീവരക്ഷാര്‍ത്ഥം സൈനികര്‍ അതിര്‍ത്തി കടക്കുകയായിരുന്നു. തജികിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ബദഘ്ഷാന്‍, തഖര്‍ എന്നീ അഫ്ഗാനിസ്താന്‍ പ്രവിശ്യകളില്‍ അടുത്തിടെയായി താലിബാന്‍ വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്. പ്രവിശ്യകളിലെ സൈനിക പാതകളെല്ലാം താലിബാന്‍ കൈക്കലാക്കിയതോടെ മറ്റുമാര്‍ഗമില്ലാതെ സൈനികര്‍ അയല്‍രാജ്യത്തേക്ക് കടക്കുകയായിരുന്നു. സൈനികര്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കിയിട്ടുണ്ടെന്ന് തജികിസ്താന്‍ സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഇത് മൂന്നാം തവണയാണ് അഫ്ഗാന്‍ സൈനികര്‍ പാലായനം ചെയ്യുന്ന സംഭവമുണ്ടാവുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇത് അഞ്ചാമത്തെ സംഭവവും. ഇതുവരെ 1600 അഫ്ഗാന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെട്ടു.

അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യമുള്‍പ്പെടയുള്ള വിദേശസൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് താലിബാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ വീണ്ടും വേരുറപ്പിക്കുന്നത്.താലിബാനെ പ്രതിരോധിക്കാനായി 20 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്താനിലുള്ള അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സേനകള്‍ രാജ്യത്ത് നിന്നും ഘട്ടം ഘട്ടമായി പിന്‍വാങ്ങുകയാണ്. സെപ്റ്റംബര്‍ മാസത്തോടെ അഫ്ഗാനിസ്താനില്‍ നിന്നും പൂര്‍ണമായും വിദേശ സൈന്യം പിന്‍മാറും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *