പുകയില വിരുദ്ധ ദിനത്തില്‍ ബുള്ളറ്റ് റാലിയും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത്


തിരുവനന്തപുരം:ലോക പുകയില വിരുദ്ധ ദിനത്തോടനുമ്പന്ധിച്ച് തലസ്ഥാന നഗരിയില്‍ ബോധവല്‍ക്കരണ ബുള്ളറ്റ് റാലിയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുകയില ഉപഭോഗത്തിനെതിരെയുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്. സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച ‘ബീറ്റ് ദ ഫ്യൂംസ്’ ബുള്ളറ്റ് റാലി ജോയിന്റ് എക്സൈസ് കമ്മീഷണര്‍ വി.എ സലീം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കിംസ്ഹെൽത്തിൽ നടത്തിയ ബോധവത്ക്കരണ പരിപാടിയും ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ‘ബാക്ക് ടു സ്കൂൾ’ ക്യാമ്പയിനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എംഡി ഡോ. ദിവ്യ എസ് ഐയ്യര്‍ ഉദ്ഘാടനം ചെയ്തു.

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ സര്‍ക്കാരിനോടൊപ്പം ഒന്നിച്ചുനിന്ന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ബുള്ളറ്റ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എ സലീം പറഞ്ഞു. കിംസ്ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് പരിപാടിക്ക് ആശംസകള്‍ അറിയിച്ചു സംസാരിച്ചു. റാലിയില്‍ ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയും പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും റെസ്പിറേറ്ററി മെഡിസിൻ വിഭാഗം കൺസൽട്ടന്റ് ഡോ. രോഹിത് എസ് സംസാരിച്ചു. സീനിയർ കൺസൽട്ടന്റ് ഡോ. പി. അര്‍ജുന്‍, അസ്സോസിയേറ്റ് കൺസൽട്ടന്റ് ഡോ. നിഷാന്ത് പി.എസ് എന്നിവരും പരിപാടിയുടെ ഭാഗമായി. 150 – ഓളം റൈഡറുമാര്‍ പങ്കെടുത്ത റാലി മാനവീയം വീഥിയില്‍ നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ തന്നെയെത്തി അവസാനിച്ചു.


ലോകത്ത് ആറ്റംബോംബുകളേക്കാള്‍ കൂടുതല്‍ ജീവനെടുത്തത് സിഗരറ്റ് ആണെന്നും പുകയില വിമുക്ത ലോകത്തിന്റെ റോള്‍ മോഡലുകളാകുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്നും ഡോ. ദിവ്യ എസ് ഐയ്യര്‍ പുകയില ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കിംസ്ഹെല്‍ത്ത് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ പുകയില ഉപഭോഗത്തിനെതിരെയുള്ള ക്യാംപയിനുകള്‍ ഫലപ്രദമാകുന്നുവെന്നതിന്റെ തെളിവാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ദൃശ്യമാകുന്ന കുറവ്. വിദ്യാര്‍ത്ഥികള്‍ എപ്പോഴും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


പരിപാടിയില്‍ സീനിയർ കൺസൽട്ടന്റ് ഡോ. അമീര്‍ കെ.എ സ്വാഗതവും പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. സാദിഖ് എം.എച്ച് നന്ദിയും അറിയിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രമീള ജോജിയും പരിപാടിയിൽ സംസാരിച്ചു. ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ ഡോ. സുജിത് വര്‍ഗീസ് എബ്രഹാമിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.



Sharing is Caring