വെള്ളം കയറിയ വീട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചു; ഷോക്കേറ്റ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ഒരു വീട്ടിലെ മൂന്നുപേര്‍ മരിച്ചു. കൊല്‍ക്കത്തയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ഖര്‍ദയിലാണ് സംഭവം. രാജാ ദാസ്, ഭാര്യ, 10 വയസുകാരനായ മകന്‍ എന്നിവരാണ് മരിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയിരുന്നു. ഇതിനിടെയാണ് രാജാ ദാസ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചത്.

രാജാ ദാസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും മകനും ഷോക്കേറ്റത്. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന നാല് വയസ്സുള്ള മകന്റെ നിലവിളികേട്ടാണ് അയല്‍ക്കാരെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വാരാന്ത്യ മഴയ്ക്ക് മുമ്ബുതന്നെ ദിവസങ്ങളോളം വെള്ളത്തിനടിയിലായ ഹൗസിങ് കോളനിയിലാണ് രാജാ ദാസും കുടുംബവും താമസിക്കുന്നത്.

മൂന്നുപേരും ആശുപത്രിയില്‍ മരിച്ചതായി പ്രഖ്യാപിച്ചു. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള പശ്ചിമ ബംഗാളിലെ തെക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും കനത്ത മഴ പെയ്യുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്‌ കൊല്‍ക്കത്തയിലും പരിസരപ്രദേശങ്ങളിലും ഞായര്‍- തിങ്കള്‍ ദിവസങ്ങളില്‍ ഏകദേശം 160 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *