ടൊവിനോയുടെ ‘വഴക്ക്’ നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശനം


ടൊവിനോ തോമസ് നായകനായ മലയാള ചിത്രം ‘വഴക്ക്’നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യൻ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.ഇവിടെ മത്സരവിഭാഗത്തിലാണ് സിനിമയുടെ പ്രദര്‍ശനം നടക്കുക. ജൂണ്‍ 16 ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രദര്‍ശനം. ഈ വിവരം ടൊവിനോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തു. സനല്‍ കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ക്രൈം ഡ്രാമയാണ് ‘വഴക്ക്’. അഭിഭാഷകനായ ഒരു പുരുഷൻ ഭാര്യയെ ചതിച്ച്‌ യാത്ര പോകുന്ന കഥയാണ് സിനിമയുടെ പ്രമേയം. അന്നുതന്നെ പരസ്പര സമ്മതത്തോടെ വിവാഹമോചനത്തില്‍ ഒപ്പിടാൻ കോടതിയില്‍ ഹാജരാകാമെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു.


വിവാഹമോചനം നീട്ടിവെക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. തിരിച്ചുപോകുമ്ബോള്‍ ദാമ്ബത്യ പ്രശ്‌നങ്ങള്‍ കാരണം വീടുവിട്ടിറങ്ങുന്ന സതി എന്ന മറ്റൊരു സ്ത്രീയെയും അവളുടെ മകളെയും അയാള്‍ കണ്ടുമുട്ടുന്നു. ആ കൂടിക്കാഴ്ച ജീവിതത്തെക്കുറിച്ചുള്ള അയാളുടെ വീക്ഷണത്തെ മാറ്റിമറിക്കുന്നതാണ് ചിത്രം.അവാര്‍ഡ് ജേതാവായ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരൻ.


മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ കനിയാണ് നായിക.വര്‍ത്തമാനകാലത്തെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് വഴക്ക് കൈകാര്യം ചെയ്യുന്നതെന്ന് മുൻപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സനല്‍ പറഞ്ഞു. ടൊവിനോ തോമസിനും കനി കുസൃതിക്കും പുറമെ മറ്റൊരു സംസ്ഥാന പുരസ്‌കാര ജേതാവായ സുദേവ് നായരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചന്ദ്രു സെല്‍വരാജാണ് മറ്റൊരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.



Sharing is Caring