പാരിസ് ഡയമണ്ട് ലീഗില്‍ വെങ്കലം മെഡല്‍ നേട്ടത്തില്‍ സന്തോഷമെന്ന് ശ്രീശങ്കറിന്റെ കുടുംബം


പാരിസ് ഡയമണ്ട് ലീഗില്‍ ചരിത്ര നേട്ടം കൊയ്ത ശ്രീശങ്കറിന്റെ കുടുംബം മെഡല്‍ നേട്ടത്തിന്റെ ആഹ്‌ളാദത്തിലാണ്.മകന് വെങ്കലം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് അമ്മയും ശ്രീശങ്കര്‍ ഇന്ത്യയ്ക്കായി ഒളിമ്ബിക്‌സില്‍ സ്വര്‍ണം നേടുമെന്ന പ്രതീക്ഷ അടുത്ത കുടുംബാംഗവും പങ്കുവച്ചു.


‘മത്സരം കഴിഞ്ഞയുടൻ മുരളിയേട്ടനും ശങ്കുവും വിളിച്ചിരുന്നു. കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്നാണ് മോൻ പ്രതീക്ഷിച്ചത്. പക്ഷേ കാറ്റ് എതിര്‍ദിശയിലായിരുന്നു. അത് എല്ലാ താരങ്ങളേയും ബാധിച്ചിട്ടുണ്ട്. ആദ്യ ജംപില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. അപ്പോള്‍ ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. നിലവില്‍ വെങ്കലം കിട്ടിയ സന്തോഷത്തിലാണ്’- ശ്രീശങ്കറിന്റെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.


പാരിസ് ഡയമണ്ട് ലീഗില്‍ ചരിത്രനേട്ടം കൊയ്തിരിക്കുകയാണ് മലയാളി താരം മുരളി ശ്രീശങ്കര്‍. മുരളി ശ്രീശങ്കര്‍ ലോങ്ങ് ജമ്ബില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. നീരജ് ചോപ്രയ്ക്ക് ശേഷം ഡയമണ്ട് ലീഗില്‍ മെഡല്‍ നേടുന്ന ഇന്ത്യൻ താരമാണ് ശ്രീശങ്കര്‍.

മികച്ച പ്രകടനങ്ങള്‍ക്കാണ് ഇന്ന് പാരീസ് ഡയമണ്ട് ലീഗ് സാക്ഷ്യം വഹിച്ചത്. കെനിയയുടെ ഫെയ്ത്ത് കിപ്യെഗോണ്‍ വനിതകളുടെ 5,000 മീറ്ററില്‍ രണ്ടാം ലോകറെക്കോര്‍ഡിട്ടു. വനിതകളുടെ 200 മീറ്ററില്‍ ഗാബി തോമസിനാണ് വിജയം. വനിതകളുടെ 400 മീറ്ററില്‍ മാരിലെയ്ഡി പൊളീനോ മിന്നും വിജയം സ്വന്തമാക്കി. പുരുഷന്മാരുടെ രണ്ട് മൈല്‍ ഇവന്റില്‍ നോര്‍വേയുടെ ജോക്കബ് ഇൻഗെബ്രിസണ്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി.



Sharing is Caring