ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപിന്റെ വിക്ഷേപണം ഇന്ന്

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപിന്റെ വിക്ഷേപണം ഇന്ന്. പ്രാദേശിക സമയം ഏഴുമണിക്കാണ് വിക്ഷേപണം. യുഎസിലെ ടെക്‌സസില്‍ വെച്ചാണ് വിക്ഷേപണം നടക്കുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചതില്‍ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് സ്‌പേസ് എക്‌സ്.പരീക്ഷണ പറക്കല്‍ ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കും. വിക്ഷേപണത്തിന് ശേഷം സ്റ്റാര്‍ഷിപ്പ് മൂന്ന് മിനിറ്റിന് ശേഷം ബൂസ്റ്റര്‍ വേര്‍പിരിഞ്ഞ് മെക്‌സിക്കോ ഉള്‍ക്കടലില്‍ പതിക്കും. സ്റ്റാര്‍ഷിപ്പ് പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്റ്റാര്‍ഷിപ്പിന്റെ രണ്ട് വിഭാഗങ്ങള്‍ ഒന്നിച്ചുള്ള ആദ്യ വിക്ഷേപണമായിരിക്കും ഇത്. സ്റ്റാര്‍ഷിപ് പേടകവും സൂപ്പര്‍ ഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് സ്റ്റാര്‍ഷിപ് സംവിധാനം. ഇത് പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മിതമാണ്. ഒരു യാത്രയില്‍ സ്റ്റാര്‍ഷിപ്പിന് 250 ടണ്‍ ഭാരം ഉയര്‍ത്താനും 100 പേരെ ഉള്‍ക്കൊള്ളാനും കഴിയും. പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണ്. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനില്‍ ആളുകളേയും സാമഗ്രിഹകളേയുമൊക്കെ എത്തിക്കാനുള്ള ശേഷിയുണ്ട് സ്‌പേസ് എക്‌സിന്.

ഭൂമിയിലെ യാത്രക്കും സ്റ്റാര്‍ഷിപ്പ് ഉപയോഗിക്കാം. ലോകത്തിന്റെ എവിടേയും ഒരുമണിക്കൂറില്‍ സഞ്ചരിച്ചെത്താനും സാധിക്കും. മീഥെയിന്‍ ആണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്‌നും ഭാവിയില്‍ ഉപയോഗിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. റാപ്റ്ററുകള്‍ എന്ന് പേരുള്ള കരുത്തുറ്റ എന്‍ജിനുകളാണ് സ്റ്റാര്‍ഷിപ്പിന് ഊര്‍ജം നല്‍കുന്നത്. 33 എന്‍ജിനുകള്‍ റോക്കറ്റിലുണ്ട്. പേടകത്തില്‍ മൂന്ന് റാപ്റ്റര്‍ എന്‍ജിനുകളും മൂന്ന് റാപ്റ്റര്‍ വാക്വം എന്‍ജിനുകളുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *