
സുഡാനിലെ സൈനിക ഏറ്റുമുട്ടലിനിടെ സൗദി വിമാനത്തിന് വെടിയേറ്റു. സൗദി ദേശീയ വിമാനകമ്ബനിയായ സൗദിയ എയര്ലൈന്സിന്റെ എയര്ബസ് എ 330നാണ് വെടിവെപ്പില് കേടുപാടുപറ്റിയത്.ആര്ക്കും പരിക്കില്ലെന്ന് ബന്ധപ്പെട്ടവര് വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. തലസ്ഥാനമായ ഖാര്ത്തും വിമാനതാവളത്തില് നിന്നും റിയാദിലേക്ക് പറന്നുയരാന് തയ്യാറെടുക്കുന്നതിനിടെയാണ് വെടിയേറ്റത്. ഈ സമയം യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിലുള്ളവര് സുരക്ഷിതമായി സുഡാനിലെ സൗദി എംബസിയില് എത്തിയതായി സൗദിയ എയലര്ലൈന്സ് അറിയിച്ചു.

സംഭവത്തെ തുടര്ന്ന് സുഡാനിലേക്കുള്ള വിമാനങ്ങള് താല്ക്കാലികമായി നിര്ത്തിവെച്ചു. സുഡാനു മുകളിലൂടെ പറക്കുന്ന വിമാനങ്ങള് എല്ലാം തിരിച്ചെത്തിയതായും എയര്ലൈന്സ് അറിയിച്ചു. എല്ലാ സൗദി പൗരന്മാരോടും വീട്ടില് തന്നെ തുടരാന് സൗദി എംബസി നിര്ദേശിച്ചു.
ശനിയാഴ്ച രാവിലെയാണ് സുഡാനിലെ സൈന്യവും അര്ദ്ധസൈനികരും ഏറ്റുമുട്ടല് ആരംഭിച്ചത്. വിമാനത്താവളവും രാഷ്ട്രപതി ഓഫീസും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അര്ദ്ധസൈനിക വിഭാഗം അവകാശപ്പെട്ടു.
റാപിഡ് സപ്പോര്ട്ട് ഫോഴ്സിനെ കരസേനയുമായി യോജിപ്പിക്കാനുള്ള പദ്ധതിയെ ചൊല്ലി സൈനിക തലവന് അബ്ദുള് ഫത്താഹ് അല് ബുര്ഹാനും അര്ദ്ധസൈനിക കമാന്ഡര് മുഹമ്മദ് ഹംദാന് ദഗാലോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെയാണ് ആക്രമണം തുടങ്ങിയത്. രാജ്യത്തെ സിവിലിയന് ഭരണത്തിലേക്ക് തിരികെ കൊണ്ടുവരികയും 2021 അട്ടിമറിയിലൂടെ സൃഷ്ടിച്ച പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്യുന്ന ഒരു കരാറിന് അന്തിമരൂപം നല്കാനുള്ള ചര്ച്ചകളുടെ പ്രധാന ഘടകമായിരുന്നു സേനാ സംയോജന പദ്ധതി.
