സുല്‍ത്താന്‍ബത്തേരി: നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വെറ്ററിനറി സര്‍ജനെ കടുവ ആക്രമിച്ചു. വനം വകുപ്പിന്റെ വെറ്ററിനറി സര്‍ജനായ ഡോ. അരുണ്‍ സഖറിയെയാണ് കടുവ ആക്രമിച്ചത്. അദ്ദേഹം പരിക്കുകളോടെ രക്ഷപെട്ടു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. സൗത്ത് വയനാട് ഡി എഫ് ഒ ധനേഷ് കുമാറിന്റെ നേതൃത്വത്തില്‍ വനപാലകര്‍ കടുവയെ പിടികൂടാന്‍ രാവിലെ മുതല്‍ തന്നെ ശ്രമം ആരംഭിച്ചിരുന്നു. വാകേരി മൂടക്കൊല്ലി തൊട്ടിപ്പാറക്ക് സമീപത്തെ കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ എസ്റ്റേറ്റില്‍ വച്ചാണ് കടുവയെ പിടികൂടാന്‍ ശ്രമം നടത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി കടുവയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തെ ലോറന്‍സ് എന്നയാളുടെ തോട്ടത്തില്‍ കെട്ടിയിട്ട ആടിനെ കടുവ കൊന്ന് തിന്നിരുന്നു. കടുവ ആണെന്ന് സ്ഥിരീകരിച്ചതോടെ വനപാലകരും പോലീസും സ്ഥലത്ത് എത്തി. എന്നാല്‍ ഇന്നലെ രാവിലെ മുതലാണ് തിരച്ചില്‍ ആരംഭിച്ചത്. ഉച്ചയോടെ ഡോ. അരുണ്‍ സഖറിയ, ചെതലയം ഫോറസ്റ്റ് റെയ്ഞ്ചര്‍ രഞ്ചിത്ത്, വാച്ചര്‍ ശിവന്‍ എന്നിവര്‍ കടുവയെ തിരഞ്ഞ് പോകുന്നതിനിടെ കാപ്പിച്ചെടിക്ക് പിന്നില്‍ മറഞ്ഞിരുന്ന കടുവ ഇവരുടെ മേല്‍ ചാടിവീഴുകയായിരുന്നു. ഡോ. അരുണ്‍ സഖറിയയുടെ കൈകളില്‍ കടുവയുടെ നഖം കൊണ്ടാണ് പരിക്കു പറ്റിയത്. പെട്ടെന്ന് ആകാശത്തേക്ക് നിറയൊഴിച്ചതിനെത്തുടര്‍ന്ന് കടുവ പിന്‍വാങ്ങി. വനപാലകരും പോലീസും സ്ഥലത്ത് കാമ്പ് ചെയ്യുന്നുണ്ട്. തോട്ടം കാടുപിടിച്ച് വനമായതിനാല്‍ കടുവ അടക്കമുള്ള വന്യമൃഗങ്ങള്‍ ഈ ഭാഗത്ത് ധാരാളമുണ്ടെന്നാണ് നിഗമനം. ഭീഷണി ഉയര്‍ത്തിയ കടുവയെ പിടികൂടാന്‍ തോട്ടത്തിന്റെ രണ്ട് ഭാഗങ്ങളിലായി കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
FLASHNEWS