സുഹൃത്തിനെന്ന പേരില്‍ ഗള്‍ഫിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്താനുള്ള നീക്കം പൊളിഞ്ഞു

കോഴിക്കോട്: ഗള്‍ഫിലേക്ക് ജോലിക്ക് പോയ യുവാവിന്റെ കൈവശം മയക്കുമരുന്ന് കടത്താനുള്ള ശ്രമം പൊളിഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായി. സുഹൃത്തിനു നല്‍കാനെന്ന് പറഞ്ഞ് ഏല്‍പ്പിച്ച ജീന്‍സ് പാന്റിന്റെ പോക്കറ്റില്‍ നിന്നും വിപണിയില്‍ ഒരു കോടിയിലേറെ രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം കാളികാവ് ഒഞ്ചിപ്ര റാസിക്ക് (21)നെ പേരാമ്പ്ര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 10 ദിവസത്തെ ലീവിന് നാട്ടിലെത്തി ഏപ്രില്‍ 12ന് ജെറ്റ് എയര്‍വേയ്‌സില്‍ കുവൈറ്റിലേക്ക് തിരികെ പോയ നടുവണ്ണൂര്‍ കാവില്‍ വെങ്ങിലേരി ജറീഷിന്റെ വശം ഗള്‍ഫിലെ മറ്റൊരാള്‍ക്ക് നല്‍കാന്‍ എല്‍പ്പിച്ച മൂന്ന് ജീന്‍സ് പാന്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബ്രൗണ്‍ ഷുഗര്‍ പാക്കറ്റുകള്‍. കൊണ്ടുപോകേണ്ട സാധാനങ്ങളുടെ ഭാരം കൂടുതലായതിനാല്‍ ഈ ജീന്‍സുകള്‍ വീട്ടില്‍ വെച്ച് ജറീഷ് കുവൈറ്റിലേക്ക് പോകുകയായിരുന്നു. കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ ജീന്‍സുകള്‍ വാങ്ങാന്‍ ഒരാള്‍ എത്തിയിരുന്നു. ഭാരം കൂടുതലായിരുന്നതിനാല്‍ കൊണ്ട് വന്നിട്ടില്ലെന്ന് ജറീഷ് മറുപടി പറഞ്ഞപ്പോള്‍ ഇയാള്‍ ക്ഷുഭിതനായി. ദുരൂഹത തോന്നിയ ജറീഷ് നാട്ടിലേക്ക് വിളിച്ച് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പാന്റ്‌സ് പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്.
ജറീഷിന്റെ സുഹൃത്തായ മാള സ്വദേശി എല്‍പ്പിച്ചതാണ് എന്ന വ്യാജേനയാണ് ബ്രൗണ്‍ ഷുഗര്‍ ഒളിപ്പിച്ച പാന്റ്‌സ് ജറീഷിന്റെ വീട്ടില്‍ ഏല്‍പ്പിക്കുന്നത്. 200 ഗ്രാം വീതമുള്ള ആറ് പാക്കറ്റുകളാണ് പാന്റ്‌സില്‍ ഒളിപ്പിച്ചിരുന്നത്. പാന്റ്‌സ് തിരികെ ഏറ്റുവാങ്ങാനെത്തിയ രണ്ടുപേരില്‍ റാസിക്കിനെ നാട്ടുകാര്‍ പിടികൂടി ബാലുശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. ഒരാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *