കാസര്‍കോട് : ലക്ഷദ്വീപില്‍ നിന്നു ബേപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഉരു കാസര്‍കോട് ചെറുവത്തൂര്‍ പുറംകടലില്‍ കണ്ടെത്തി. എന്‍ജിന്‍ നിലച്ചു ഒരാഴ്ചയായി നിയന്ത്രണമറ്റു കടലിലൊഴുകുകയായിരുന്ന ഉരു കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനമാണ് കണ്ടെത്തിയത്. കണ്ണൂരിന് 28 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഉരുവിലെ തൊഴിലാളികള്‍ സുരക്ഷിതരാണെന്നും സഹായത്തിനു തീരസേനയുടെ കൊച്ചിയില്‍ നിന്നുള്ള അഭിനവ്, ബേപ്പൂരിലെ സി404 കപ്പലുകള്‍ സമീപത്തുണ്ടെന്നും അധികൃതര്‍ പറഞ്ഞു. നിയന്ത്രണമറ്റ ഉരു കടലില്‍ ഒഴുകുന്നതു കണ്ടു കൊച്ചിയിലേക്ക് പോകുകയായിരുന്ന മത്സ്യബന്ധനബോട്ടുകാര്‍ ഉടമ ചക്കുംകടവ് കുഞ്ഞുമുഹമ്മദിനെ വൈകിട്ടോടെ വിവരമറിയിച്ചിരുന്നു. ഇതോടെ കണ്ണൂരിലേക്കു പുറപ്പെട്ട ഉടമയും സംഘവും മത്സ്യബന്ധന ബോട്ടുപയോഗിച്ചു ഉരു കെട്ടിവലിച്ചു അഴീക്കല്‍ തുറമുഖത്ത് എത്തിക്കാന്‍ ശ്രമം നടത്തുകയാണ്. അഞ്ചു ജീവനക്കാരുമായി ചെത്ത്‌ലാത്ത് ദ്വീപില്‍ നിന്ന് കഴിഞ്ഞ നാലിനു പുറപ്പെട്ട എംഎസ്വി നിദ എന്ന ഉരുവാണ് യാത്രയ്ക്കിടെ കാണാതായത്. അഞ്ചിനു രാവിലെ എന്‍ജിന്‍ കേടായ ഉരു ശക്താമായ കാറ്റില്‍പെട്ടു ഒഴുകുകയായിരുന്നുവെന്നാണ് വിവരം. വാര്‍ത്താ വിനിമയ ബന്ധം നിലച്ചതു വിവരം കൈമാറുന്നതിനു തടസ്സമായി. വടകര സ്വദേശി ടി. മൊയ്തീന്‍(68), തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ജി. മുരുകന്‍(42), മനോഹര്‍(34), ഗുജറാത്തിലെ ജാംനഗര്‍ സ്വദേശികളായ നരേന്‍ നര്‍ഷി കര്‍വ(53), ഹുസൈന്‍ സലീം ചമുദിയ(42) എന്നിവരാണ് ഉരുവിലുള്ള തൊഴിലാളികള്‍.
FLASHNEWS