കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തളിപ്പറമ്പ് മേഖലയില്‍ തുടരുന്ന മുസ്ലീംലീഗ്-എസ് ഡി പി ഐ സംഘര്‍ഷം വീണ്ടും രൂക്ഷമായി. തളിപ്പറമ്പില്‍ മുസ്ലീം ലീഗ് ഓഫീസിനും ചന്ദ്രിക ദിനപത്രം സബ് ഓഫീസിനും നേരെ ആക്രമണമുണ്ടായി. ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് നടത്തിയ പ്രകടനം അക്രമാസക്തമായി. രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. രണ്ട് കടകള്‍ തകര്‍ത്തു.
പോസ്റ്റോഫീസ് റോഡിലെ മുസ്ലീം ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഓഫീസും ചന്ദ്രിക സബ് ഓഫീസും ഒരു സംഘം ആക്രമിച്ച് തകര്‍ത്തിരുന്നു. ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് ടൗണില്‍ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണ് അക്രമാസക്തമായത്. പ്രകടനത്തില്‍ പങ്കെടുത്തവര്‍ മാര്‍ക്കറ്റ് റോഡിലെ കെ പി സിദ്ധിഖിന്റെ മില്‍ക്കി ഹോട്ടല്‍ തകര്‍ക്കുകയും ഹോട്ടലില്‍ ഉണ്ടായിരുന്ന സിദ്ധിഖിന്റെ സഹോദരനും എസ് ഡി പി ഐ തളിപ്പറമ്പ് മണ്ഡലം ട്രഷററുമായ കക്കോത്തകത്ത് പുതിയ പുരയില്‍ ഖാലിദിനെ(32) മര്‍ദ്ദിക്കുകയും ചെയ്തു. മില്‍ക്കി ഹോട്ടലിന് സമീപത്തെ സഫിയ കൂള്‍ ബാര്‍ ആക്രമിച്ച് ഇവിടത്തെ ജീവനക്കാരനും എസ് ഡി പി ഐ പ്രവര്‍ത്തകനും കടുങ്ങോന്‍ നജീബീനെയും(32) മര്‍ദ്ദിച്ചു.
സംഘര്‍ഷത്തെതുടര്‍ന്ന് തളിപ്പറമ്പ് നഗരസഭയിലും പട്ടുവം, ചപ്പാരപ്പടവ്, കുറുമാത്തൂര്‍ എന്നീ പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് നിരോധനാജ്ഞ. പ്രകടനം, പൊതുസമ്മേളനം, ഘോഷയാത്ര എന്നിവ നിരോധിച്ചു. കണ്ണൂര്‍ എസ് പി പി എന്‍ ഉണ്ണിരാജ തളിപ്പറമ്പിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി.
FLASHNEWS