റിയാദ്: സൗദിയില്‍ താമസസ്ഥലത്ത് ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തില്‍ പുക ശ്വസിച്ച് മൂന്നംഗ മലയാളികുടുംബം മരിച്ചു. കായംകുളം പത്തിയൂര്‍ ശബരീക്കല്‍ വീട്ടില്‍ കൃഷ്ണന്‍ രവി (56), ഭാര്യ ചന്ദ്രലീല (46), മകന്‍ ആരോമല്‍ (അഞ്ച്) എന്നിവരാണ് മരിച്ചത്.
റൂം ഹീറ്ററില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം റൂമിലെ സോഫയ്ക്ക് തീപിടിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന തീകത്തിയതും മുറിയാകെ പുക വ്യാപിച്ചതും അറിഞ്ഞില്ല. തുടര്‍ന്ന് ഉറക്കത്തില്‍ പുക ശ്വസിച്ച് മൂന്നുപേരും മരിക്കുകയായിരുന്നു. രാവിലെ മുകളിലത്തെ നിലയില്‍ താമസിക്കുന്നവരാണ് താഴത്തെ നിലയിലെ പുക കണ്ടത്. തുടര്‍ന്ന് ഇവര്‍ സെക്യുരിറ്റിയെ വിളിച്ച് അറിയിച്ചാണ് അപകടവിവരം പുറം ലോകം അറിയുന്നത്.
കഴിഞ്ഞ 23 വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുകയാണ് രവി. ദമാമില്‍ ജോലി ചെയ്യുന്ന സഹോദരന്‍ കൃഷ്ണന്‍ റിയാദിലെത്തിയിട്ടുണ്ട്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു