മുന്‍ ധനമന്ത്രിയും സി.പി.എം. നേതാവുമായ തോമസ് ഐസക് കിഫ്ബി മസാലബോണ്ട് കേസില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല.തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും അഭിഭാഷകര്‍ മുഖേന തോമസ് ഐസക് ഇ.ഡിയെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ചിട്ടും തോമസ് ഐസക് ഹാജരാകാതിരിക്കുന്നത്.
ജനുവരി 12-നാണ് നേരത്തേ അദ്ദേഹത്തിന് ഇ.ഡി. നോട്ടീസ് അയച്ചത്. അന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും നേതൃയോഗങ്ങളും ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് തോമസ് ഐസക് മറുപടി നല്‍കിയിരുന്നത്. തുടര്‍ന്നാണ് ജനുവരി 22-ന് ഹാരജാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്.
ആദ്യഘട്ടത്തില്‍ ഇ.ഡി. അയച്ച നോട്ടീസിനെ ചോദ്യംചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടീസില്‍ അപാകതകള്‍ ഉണ്ടെന്ന തോമസ് ഐസകിന്റെ വാദം ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് സമന്‍സ് പിന്‍വലിച്ചാണ് ഇ.ഡി. രണ്ടാം ഘട്ടത്തില്‍ സമന്‍സ് അയച്ചത്.കിഫ്ബി മസാല ബോണ്ട് കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഇ.ഡിയുടെ തീരുമാനം. തോമസ് ഐസക് തുടര്‍ച്ചയായി ഹാജരാകാതിരുന്നാല്‍ തുടര്‍നടപടിയെടുക്കുന്നതിലേക്ക് ഇ.ഡി. കടക്കുമെന്നാണ് വിവരം. ഇ.ഡി. നോട്ടീസിനെ ചോദ്യംചെയ്ത് കിഫ്ബി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.