വയനാട്ടിലെ ജനവാസകേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി

വയനാട്ടിലെ ജനവാസകേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി. കുറുക്കൻമൂലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് കടുവ ഇറങ്ങിയത്.കുറുക്കന്മൂലയ്ക്കടുത്തുള്ള പയ്യമ്പള്ളിയിലും പരുന്താനിയിലും രണ്ട് വളർത്തുമൃഗങ്ങളെ കടുവ കടിച്ചുകൊന്നു. വടക്കുംപാടം ജോൺസണിൻ്റെ പശുവും പരുന്താനി സ്വദേശി ടോമിയുടെ ആടുമാണ് കൊല്ലപ്പെട്ടത്. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം പതിനേഴായി.

കഴിഞ്ഞ ദിവസം ജനവാസ മേഖലകളിൽ നിന്നും കടുവയുടെ പുതിയ കാൽപാടുകൾ കണ്ടെത്തി. കടുവയെ പിടിക്കാനായി വനം വകുപ്പ് സ്ഥാപിച്ച കൂടിന് അടുത്താണ് കാൽപ്പാടുകൾ കണ്ടത്. കടുവയ്ക്കായുള്ള തിരച്ചിൽ വനം വകുപ്പ് ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കടുവയുടെ ചിത്രം പുറത്തു വിട്ടു. ഇതിൽ കടുവയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുള്ളതായി കാണാം. മുറിവുകൾ ഉള്ളതിനാൽ കാട്ടിൽ പോയി ഇര തേടാൻ സാധിക്കാത്തത് കൊണ്ടായിരിക്കാം കടുവ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് എന്നാണ് നിഗമനം.

തിരച്ചിലിനായി രണ്ട് കുങ്കിയാനകളെ എത്തിച്ചിരുന്നു. ഈ കുങ്കിയാനകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് വനംവകുപ്പ് തിരച്ചിൽ നടത്തുന്നത്. കടുവയെ മയക്കുവെടി വെയ്ക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടുണ്ട് . എന്നാൽ പകൽ സമയത്ത് കടുവ ദൃഷ്ടിയിൽ പെടാത്തതിനാൽ വെടിവെയ്ക്കാനുള്ള അവസരം കിട്ടിയില്ലെന്ന് ഡി.എഫ്.ഒ ഷജ്‌ന കരീം പറഞ്ഞു. കടുവയെ കർണാടകയിലെ വനപാലകർ ഉപേക്ഷിച്ചതാണ് എന്നാണ് നാട്ടുകാർ ആരോപണം ഉയർത്തുന്നത്. എന്നാൽ, അത്തരത്തിലുള്ള നിഗമനത്തിലേക്ക് വനംവകുപ്പ് എത്തിച്ചേർന്നിട്ടില്ലെന്ന് ഡി.എഫ്.ഒ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *